
മനാമ: സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ജനുവരിയില്‍ നടത്തിയ ശാസ്ത്രപ്രതിഭ പരീക്ഷയില്‍ വിജയികളായവര്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.

ജുഫൈറിലെ ബഹ്‌റൈന്‍ സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സ് ഹാളില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞനും മുംബൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വൈസ് ചാന്‍സിലറുമായ പ്രൊഫ. അനിരുദ്ധ് ബി പണ്ഡിറ്റ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു.

ബഹ്‌റൈനിലെ ഏഴു സ്‌കൂളുകളില്‍ നിന്നുമായി മുവ്വായിരത്തി അഞ്ഞൂറ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ശാസ്ത്ര പ്രതിഭ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ 80 വിദ്യാര്‍ഥികളാണ് ആദരവ് ഏറ്റുവാങ്ങിയത്. 12 വിദ്യാര്‍ഥികള്‍ ശാസ്ത്ര പ്രതിഭകളായും 68 വിദ്യാര്‍ഥികള്‍ എ പ്ലസ് ഗ്രേഡ് ആയും തിരഞ്ഞെടുത്തിരുന്നു. ശാസ്ത്രപ്രതിഭകളായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ പ്രസിദ്ധ ശാസ്ത്ര സാങ്കേതിക സ്ഥാപങ്ങളായ ഐ എസ് ആര്‍ ഓ, ഡി ആര്‍ ഡി ഓ, ബ്രഹ്മോസ്, ശ്രീഹരിക്കോട്ട, ബാബാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും അവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനുമുള്ള അവസരം ലഭിക്കും.
അവാര്‍ഡ് ദാന ചടങ്ങ് പ്രമുഖ ശാസ്ത്രജ്ഞനും മുംബൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വൈസ് ചാന്‍സിലറുമായ പ്രൊഫ. അനിരുദ്ധ് ബി പണ്ഡിറ്റ് ഉദ്ഘാടനം ചെയ്തു. ദേശീയ കാഴ്ചപ്പാടോടുകൂടി ശാസ്ത്ര സാങ്കേതിക വിദ്യയെ പരിപോഷിപ്പിക്കേണ്ടത് നമ്മുടെ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗത്തു ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ കുതിപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ പങ്ക് നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം ബഹ്‌റൈന്‍ പ്രസിഡണ്ട് അനിലാല്‍ കെ എസ് അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ദാന ചടങ്ങില്‍ എസ് ഐ എഫ് ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. രവി വാര്യര്‍, എസ് ഐ എഫ് ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, ഡോ. വിനോദ് മണിക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ചു വിദ്യാര്‍ഥികളും പ്രൊഫ. അനിരുദ്ധ് ബി പണ്ഡിറ്റുമായി മീറ്റ് ദി സൈന്റിസ്റ്റ് എന്ന ചോദ്യോത്തര പരിപാടിയും നടത്തി. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
ചടങ്ങില്‍ എസ് ഐ എഫ് വൈസ് പ്രസിഡന്റ് കെ ആര്‍ ചന്ദ്രശേഖരന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി പ്രശാന്ത് ധര്‍മ്മരാജ് നന്ദിയും പറഞ്ഞു.

