
മനാമ: പാസ്പോര്‍ട്ട് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അമിതമായ ഫീസ് വര്‍ധന പുനഃപരിശോധിക്കണമെന്ന് ബഹ്റൈന്‍ പ്രതിഭ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ സമീപകാല സംഘര്‍ഷങ്ങളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ ജോലി സംബന്ധമായും മറ്റും പ്രവാസികള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തില്‍ നടപ്പിലാക്കിയ ഈ വര്‍ധന സാധാരണക്കാരായ പ്രവാസികളോട് കാട്ടിയ കടുത്ത അനീതിയാണ്.

നാട്ടില്‍ ഫീസ് വര്‍ധനയുണ്ടെങ്കിലും അതിനോട് യാതൊരു ആനുപാതികതയുമില്ലാത്ത രീതിയിലാണ് വിദേശത്തുള്ള ഈ വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളെയും തൊഴിലാളികളെയും സംബന്ധിച്ച് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ ഫീസ് വര്‍ധന. പ്രവാസികളുടെ ആശങ്കകളെയും എതിര്‍പ്പുകളെയും പരിഗണിക്കാതെ നടപ്പിലാക്കിയ ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
അന്യായമായ ഫീസ് വര്‍ധന അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ഈ വിഷയത്തില്‍ എം പിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വഴി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനും സംഘടന മുന്‍കൈ എടുക്കുമെന്നും പ്രതിഭ ജനറല്‍ സെക്രട്ടറി വി കെ സുലേഷും പ്രസിഡണ്ട് കെ വി മഹേഷും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

