

കൊച്ചി: കേരളം അക്ഷരങ്ങളെ ആരാധിക്കുന്ന നാടാണെന്ന് പ്രശസ്ത തമിഴ് സാഹിത്യകാരി ശിവശങ്കരി പറഞ്ഞു. ഒരിക്കല്‍ എം ടിയോടൊപ്പം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പോയത് അവിസ്മരണീയമാണ്. കേരളത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സാഹിത്യത്തോട് മമതയുണ്ട്. പെരിയാറിന്റെ തീരത്ത് ബാല്യത്തില്‍ പതിവായി ഒഴിവുകാലത്ത് വന്നു താമസിച്ചിരുന്നത് ഇന്നും നല്ല ഓര്‍മകളാണ്. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം കവി വി.മധുസൂദനന്‍ നായര്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ശിവശങ്കരി.

എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഡോ. ഗോപിനാഥ് പനങ്ങാട് അധ്യക്ഷത വഹിച്ചു. തന്റെ പത്രപ്രവര്‍ത്തനകാലത്ത് ഒരു അഭിമുഖം തയ്യാറാക്കാന്‍ മുംബൈയില്‍ നിന്ന് വന്ന കാലം മുതല്‍ ഒരു മാതൃസാന്നിധ്യമായിരുന്നു ബാലാമണിയമ്മയെന്ന് ബാലാമണിയമ്മ അനുസ്മരണ ഭാഷണത്തില്‍ സി രാധാകൃഷ്ണന്‍ പറഞ്ഞു.

ബാലാമണിയമ്മയുടെ മകളും സാഹിത്യകാരിയുമായ ഡോ. സുലോചന നാലപ്പാട്, കെ എല്‍ മോഹനവര്‍മ എന്നിവര്‍ സംസാരിച്ചു. ബാലാമണിയമ്മയുടെ കവിത
പ്രശാന്ത് വിസ്മയ ആലപിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങില്‍
ഇ എം ഹരിദാസ് സ്വാഗതവും രാമചന്ദ്രന്‍ പുറ്റുമാനൂര്‍ നന്ദിയും പറഞ്ഞു.
പുസ്തകോത്സവ വേദിയില്‍ രാവിലെ ‘കുന്തലതയുടെ 135 വര്‍ഷങ്ങള്‍’ എന്ന പരിപാടി നടന്നു. ഒട്ടനവധി പുസ്തകങ്ങളുടെ പ്രകാശനങ്ങളും വിവിധ വേദികളിലായി നടന്നു.

