

ദോഹ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചെയര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന്റെ മേല്‍നോട്ടത്തില്‍ ഖത്തര്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) വിസ്ഡം സമിതി പ്രവാസി യുവാക്കള്‍ക്കായി നടത്തിയ ബേസിക് കൗണ്‍സിലിംഗ് കോഴ്‌സിന്റെ (ബി സി സി) പ്രഥമ കൊണ്‍വെക്കേഷന്‍ ‘വിസ്‌പോസിയം’ ശ്രദ്ധേയമായി. എം ആര്‍ എ ഹാളില്‍ നടന്ന പരിപാടി കേരള സ്റ്റേറ്റ് എസ് എസ് എഫ് സെക്രട്ടറി സ്വാബിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

വ്യക്തിഗതമായും കുടുംബ- സാമൂഹിക ജീവിതത്തിലും അഭിമുഖീകരിക്കാനിടയുള്ള സങ്കീര്‍ണ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് പഠിതാക്കള്‍ക്ക് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്ന ഈ കോഴ്‌സ് പ്രവാസി യുവാക്കളുടെ മാനസിക ആരോഗ്യത്തിന് മാറ്റു കൂട്ടുമെന്നും പ്രവാസി യുവാക്കളെ തുടര്‍ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്ന ആര്‍ എസ് സിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ചവരെ അഭിസംബോധന ചെയ്ത് ഐ സി എഫ് ജനറല്‍ സെക്രട്ടറി ഡോ. ബഷീര്‍ പുത്തൂപ്പാടം ബിരുദദാന പ്രഭാഷണം നടത്തി.

പ്രാക്ടിക്കല്‍ സൈക്കോളജി ട്രെയിനിംഗിന് ഡോ. സലീല്‍ ഹസന്‍ നേതൃത്വം നല്‍കി. പ്രശസ്ത കരിയര്‍ ഗൈഡ് ശമീര്‍ ഉമര്‍ ആശംസാ പ്രസംഗം നടത്തി. തുടര്‍ന്ന് പഠിതാക്കള്‍ക്കുള്ള യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും വിതരണം ചെയ്തു. ചടങ്ങിന് ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ ശകീര്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
ശംസുദ്ദീന്‍ സഖാഫി തെയ്യാല, ശഫീഖ് കണ്ണപുരം, ഉബൈദ് വയനാട്, നംശാദ് പനമ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറഹ്മാന്‍ എരോല്‍ സ്വാഗതവും ഹാരിസ് പുലശ്ശേരി നന്ദിയും പറഞ്ഞു.

