വിശ്വാസികള്‍ നിസ്വാര്‍ഥതയും വ്യക്തി വിശുദ്ധിയും മുറുകെപ്പിടിക്കുക: ജിഫ്രി തങ്ങള്‍

Web Desk
1 Min Read

കോഴിക്കോട്: ഇസ്ലാമിന്റെ അകക്കാമ്പ് മരണശേഷമുള്ള ജീവിതമാണെന്നും ഭൂമിയിലെ ജീവിതം പരീക്ഷണ കാലഘട്ടമായാണ് വിശ്വാസി മനസ്സിലാക്കേണ്ടതെന്നും സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ‘മതം മധുരമാണ്’ എന്ന പ്രമേയത്തില്‍
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മെയ് മാസത്തില്‍ ആചരിക്കുന്ന കാംപയിനിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ദീനി പ്രവര്‍ത്തനങ്ങള്‍ ഭൗതികമായ ഏതെങ്കിലും നേട്ടങ്ങള്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാവാന്‍ പാടില്ല. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നേട്ടങ്ങളോ നഷ്ടങ്ങളോ ഉണ്ടായേക്കാം. ഭൗതിക നേട്ടങ്ങള്‍ ലക്ഷ്യം വെക്കാനോ നഷ്ടങ്ങള്‍ ഭയന്ന് മതപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറാനോ യഥാര്‍ഥ വിശ്വാസിക്ക് സാധിക്കുകയില്ല. പ്രവാചകന്മാരിലും ഖലീഫമാരിലും മദ്ഹബിന്റെയും അല്ലാത്തതുമായ ഇമാമുകളിലും ഈ വിശ്വാസ ദൃഢതയും നിസ്വാര്‍ഥതയും നമുക്ക് കാണാന്‍ കഴിയും. ഈ മനോഭാവത്തോടെ മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളെ അനുശീലിക്കുമ്പോഴാണ് മതത്തിന്റെ മധുരം ആസ്വദിക്കാന്‍ സാധിക്കുകയെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. സാലിം ഫൈസി കൊളത്തൂര്‍, ശുഹൈബുല്‍ ഹൈതമി വാരാമ്പറ്റ, ഫാരിസ് പി യു എന്നിവര്‍ വിഷയാവതരണം നടത്തി.
സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, ശമീര്‍ ഫൈസി ഒടമല, അസ്‌കറലി മാസ്റ്റര്‍ കരിമ്പ, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ഫൈസി മണിമൂളി, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അലി അക്ബര്‍ മുക്കം, സുറൂര്‍ പാപ്പിനിശ്ശേരി, ശാഫി മാസ്റ്റര്‍ ആട്ടീരി, റഊഫ് ഫൈസി ലക്ഷദ്വീപ്, റാശിദ് ആയഞ്ചേരി, യൂനുസ് ഫൈസി വെട്ടുപാറ, നൗശാദ് ചെട്ടിപ്പടി, റിയാസ് ഫൈസി പാപ്ലശ്ശേരി സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി ഒ പി അശ്‌റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബശീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!