

ന്യൂഡല്‍ഹി: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ ആലുവ, അങ്കമാലി, ചാലക്കുടി റെയില്‍വേ സ്റ്റേഷനുകളിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന് ബെന്നി ബഹനാന്‍ എം പി ലോക്‌സഭയില്‍ ചട്ടം 377 പ്രകാരം ആവശ്യപ്പെട്ടു. ഇതേ വിഷയത്തില്‍ കേന്ദ്ര റെയില്‍ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിനെ നേരില്‍ കണ്ട് എം പി നിവേദനവും കൈമാറി.

ആലുവ റെയില്‍വേ സ്റ്റേഷന് പുതിയ പ്രവേശന കവാടം എന്നത് ആലുവക്കാരുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണെന്നും ആയതിനാല്‍ പടിഞ്ഞാറന്‍ ഭാഗത്ത് പുതിയ പ്രവേശന കവാടം നിര്‍മ്മിക്കണമെന്നും പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും എം പി ആവശ്യപ്പെട്ടു.

ഒപ്പം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ റെയില്‍വേ ഗേറ്റുള്ള അപൂര്‍വ്വം സ്റ്റേഷനുകളില്‍ ഒന്നായ അങ്കമാലിയിലും ചൊവ്വര റെയില്‍വേ സ്റ്റേഷന് സമീപം പുറയാറിലും റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കണമെന്നും ആലുവ, അങ്കമാലി, ചാലക്കുടി റെയില്‍വേ സ്റ്റേഷനുകളില്‍ റൂഫിങ് സംവിധാനം ഒരുക്കണമെന്നും എം പി മന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി, ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്, എറണാകുളം- ഷാലിമാര്‍ എക്‌സ്പ്രസ്സ് എന്നിവയ്ക്ക് ആലുവയിലും മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സ്, തിരുനല്‍വേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ്സ്, തിരുവനന്തപുരം- മധുരൈ അമൃത എക്‌സ്പ്രസ്സ് എന്നിവയ്ക്ക് അങ്കമാലിയിലും കൂടാതെ മാവേലി എക്‌സ്പ്രസ്, പാലരുവി എക്‌സപ്രസ് എന്നിവയ്ക്ക് ചാലക്കുടിയിലും സ്റ്റോപ്പേജുകള്‍ അനുവദിക്കണമെന്നും എം പി സഭയിലും മന്ത്രിയോടുമായും ആവശ്യപ്പെട്ടിട്ടുണ്ട്.

