

തൃശൂര്‍: കേരളത്തിന്റെ പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുകയാണെന്ന പൊതുബോധം തെറ്റാണെന്ന് എഴുത്തുകാരനും ദുരന്ത നിവാരണ വിദഗ്ധനുമായ മുരളി തുമ്മാരുകുടി പറഞ്ഞു. പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പരിസ്ഥിതി മോശപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നു പറയാനും കേള്‍ക്കാനുമാണ് ആളുകള്‍ക്കിഷ്ടം. കഴിഞ്ഞ നൂറു വര്‍ഷമെടുത്താല്‍ കേരളത്തിലെ പരിസ്ഥിതിയില്‍ ഏറ്റവും പുരോഗതിയുള്ള കാലമാണിത്. വനനശീകരണം ഇല്ലാതായി. നൂറു വര്‍ഷം മുമ്പ് സ്വാഭാവിക പരിസ്ഥിതി കൈയേറി തേയിലയും റബറും കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ കാലഘട്ടത്തില്‍ നിന്നും ലാഭമില്ലാത്തതു കൊണ്ട് ആളുകള്‍ മലയിറങ്ങുന്നു. കുട്ടനാട് സ്വാഭാവിക കൃഷിസ്ഥലമല്ല. പട്ടിണി സഹിക്കാന്‍ വയ്യാതെ കായല്‍ മണ്ണ് കൊത്തിയുണ്ടാക്കിയ നെല്‍പ്പാടങ്ങളാണ്. ആയിരം കൊല്ലം പഴക്കമുള്ള പരിസ്ഥിതിയുടെ ഭാഗമായി കണക്കാക്കിയിട്ടാണ് കുട്ടനാട്ടില്‍ പ്രകൃതിനാശമെന്നു പറയുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിറകടുപ്പിന്റെ ഉപയോഗം കുറഞ്ഞതോടെ കേരളത്തില്‍ പച്ചപ്പ് വര്‍ധിച്ചു. ഇന്ന് കേരളത്തിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു മാത്രമുണ്ടായിരുന്ന 1960കളില്‍ എട്ട് ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയുണ്ടായിരുന്ന കാലഘട്ടത്തില്‍ പട്ടിണി നില നിന്നിരുന്നു. അത് മാറി കേരളത്തിന്റെ നെല്‍കൃഷി രണ്ട് ലക്ഷം ഹെക്ടറിലേക്ക് താഴ്‌ന്നെങ്കിന്നെങ്കിലും ഇപ്പോള്‍ പട്ടിണിയില്ല. ഒരു ലക്ഷം ഹെക്ടര്‍ നികത്തിയെന്നു കരുതിയാലും ബാക്കി അഞ്ചു ലക്ഷം സ്വാഭാവിക പരിസ്ഥിതിയിലേക്ക് തിരിച്ചു വരുന്ന കാലമാണിത്. വീടുകളില്‍ കൃഷി നിലച്ചു. വലിയ എസ്റ്റേറ്റുകളിലും കൃഷിയില്ല. അവിടെ പുള്ളിപ്പുലിയും ആനയും വരുന്നു. എന്നിട്ടും പ്രകൃതി നാശമെന്നു വിചാരിക്കുന്നതാണ് പൊതുബോധം,’ അദ്ദേഹം പറഞ്ഞു.
അതേസമയം പ്രകൃതിയില്‍ നിന്നും ജീവിതം ഏറെ അകന്നു പോയെന്നും അത് തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രകൃതിയുമായുള്ള ഓര്‍ഗാനിക് ബന്ധം ഒറ്റ തലമുറയോടെ മാറി. കുടിക്കാനും കുളിക്കാനുമുള്ള വെള്ളം വരുന്നത് പൈപ്പിലൂടെ. അരി ലഭിക്കുന്നത് സൂപ്പര്‍ മാര്‍ക്കറ്റിലൂടെ. പാല്‍ ലഭിക്കുന്നത് മില്‍മയില്‍ നിന്ന്. ഇതോടെ പ്രകൃതിക്ക് നാശം വന്നാല്‍ തങ്ങളെ വ്യക്തിപരമായി ബാധിക്കുന്നതല്ല എന്ന ചിന്ത വ്യാപകമായി.
ലോകത്തെമ്പാടുമെന്ന പോലെ കേരളത്തിലും പരിസ്ഥിതി അവബോധം സൃഷ്ടിച്ചതില്‍ വലിയ പങ്കു വഹിച്ചത് കലയും സാഹിത്യവുമാണെന്നും എന്നാല്‍ ഇന്ന് അത്തരം ഇടപെടല്‍ വേണ്ടത്രയുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോളിവുഡില്‍ തൊണ്ണൂറുകളില്‍ തന്നെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സിനിമളുണ്ടായി. എന്നാല്‍ മലയാളത്തില്‍ ഇപ്പോഴാണ് ‘2018’ പോലെയൊരു ചിത്രം നിര്‍മ്മിക്കപ്പെട്ടത്, അദ്ദേഹം പറഞ്ഞു.
അതേസമയം പുതുതലമുറക്ക് കേരളത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് യുവാക്കളളല്ല. സാധിക്കുന്നവരെല്ലാം വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ നാലിലൊന്ന് കുട്ടികള്‍ വിദേശത്തേക്ക് കടക്കും. ഇത്തരത്തില്‍ മികച്ചവര്‍ പോയിക്കഴിയുമ്പോള്‍ ആരാണ് അവശേഷിക്കുകയെന്നതും അവരില്‍ നിന്നുയര്‍ന്നു വരുന്ന നേതാക്കള്‍ എന്തുതരം നയങ്ങളാകും രൂപീകരിക്കുകയെന്നതും ആലോചിക്കേണ്ടതുണ്ട്: തുമ്മാരുകുടി പറഞ്ഞു.

