

കോഴിക്കോട്: ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായും മലപ്പുറം ജില്ലക്കെതിരായും നടക്കുന്ന പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടാനും അതിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനും സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടി, പ്രതികള്‍ക്കെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരവും മറ്റ് ഉചിതമായ വകുപ്പുകള്‍ ചേര്‍ത്തും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡി ജി പിക്ക് പരാതി നല്‍കി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് പരാതി നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍, പി ആര്‍ ഏജന്‍സി ആയ കെയ്സണ്‍ പി ആര്‍ സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, അഭിമുഖം തയ്യാറാക്കിയ ദി ഹിന്ദു ഡെയ്ലി ഡെപ്യൂട്ടി എഡിറ്റര്‍ ശോഭന കെ നായര്‍ എന്നിവരും എതിര്‍കക്ഷികള്‍ ആക്കിയാണ് പരാതി നല്‍കിയത്.
