

കോഴിക്കോട്: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് പ്രൗഡോജ്വല തുടക്കം. ടൗണ്‍ ഹാളില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി കെ മുഹമ്മദ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്കു തുടക്കമായത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി പ്രതാപചന്ദ്രന്റെ അധ്യക്ഷതയില്‍ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീത, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, അഡ്വ. എം രാജന്‍, സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള ജനറല്‍ സെക്രട്ടറി എം മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ സി എം കൃഷ്ണ പണിക്കര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹരിദാസന്‍ പാലയില്‍ നന്ദിയും പറഞ്ഞു.
ചലച്ചിത്ര ഗാന രചയിതാവ് നിധീഷ് നടേരി എഴുതി സായി ബാലന്‍ സംഗീതം പകര്‍ന്ന സ്വാഗതഗാനം ചടങ്ങില്‍ ആലപിച്ചു. എണ്‍പത് പിന്നിട്ട പത്രപ്രവര്‍ത്തകരായ വി അശോകന്‍, ആര്‍ ശ്രീനിവാസന്‍, പി ഗോപി, കെ അബ്ദുല്ല, സി എം കൃഷ്ണ പണിക്കര്‍, സി രാജന്‍, പി പി കെ ശങ്കര്‍ എന്നിവരെ ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കെ രാജന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയ തലമുറയിലെ പത്ത് ജേണലിസം വിദ്യാര്‍ഥികള്‍ സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചിരാത് തെളിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടന്ന മാധ്യമ സെമിനാര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. പി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. നടുവട്ടം സത്യശീലന്‍ വിഷയം അവതരിപ്പിച്ചു. എന്‍ ശ്രീകുമാര്‍ പ്രസംഗിച്ചു. ഹരിദാസന്‍ പാലയില്‍ സ്വാഗതവും സി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ തുടരും. വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ അനുമോദിക്കുന്ന ചടങ്ങ് 12 മണിക്ക് നടക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉപഹാരം സമര്‍പ്പിക്കും. എം ബാലഗോപാലന്‍ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി എസ് രാകേഷ് പ്രസംഗിക്കും. പുതിയ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും. ഭാവി പരിപാടികള്‍ സംബന്ധിച്ച് പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് നാലിന് സമാപന സമ്മേളനം നടക്കും.

