
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ സി എസ് ആര്‍ ഫോറത്തിന്റേയും സി ടു സി ലോഗോയുടേയും പ്രകാശനം ആദിത്യ ബിര്‍ള ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഡോ. ലോപമുദ്ര പ്രിയദര്‍ശിനി നിര്‍വഹിച്ചു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് സി എസ് ആറുകളുടെ പ്രയോജനം എന്ന വിഷയത്തില്‍ അവര്‍ സംസാരിച്ചു.

സാമൂഹ്യ വികസന കാര്യങ്ങളില്‍ കോര്‍പറേറ്റുകള്‍ക്ക് വ്യക്തമായ സ്വാധീനം ചെലുത്താനാവുമെന്നും അതുകൊണ്ടുതന്നെ കൃത്യമായ ധാരണയോടെ പ്രവര്‍ത്തിച്ചാല്‍ മികച്ച ഫലം ഉണ്ടാക്കാനാവുമെന്നും ഡോ. ലോപമുദ്ര പ്രിയദര്‍ശിനി പറഞ്ഞു.

കെ എം എ പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. കെ എം എ സി എസ് ആര്‍ ഫോറം ചെയര്‍ കെ അനില്‍ വര്‍മ, കോ ചെയര്‍ ദിലീപ് നാരായണന്‍, ഹോണററി സെക്രട്ടറി അല്‍ജിയേഴ്‌സ് ഖാലിദ് എന്നിവര്‍ പ്രസംഗിച്ചു.
വ്യക്തികളും പ്രമുഖരും തങ്ങളുടെ കാഴ്ചപ്പാടില്‍ രാജ്യത്തിന് എങ്ങനെ മികച്ച സംഭാവനങ്ങള്‍ നല്കാമെന്ന് ആലോചിക്കുന്നുണ്ട്. അത്തരത്തില്‍ എനിക്കെന്ത് ചെയ്യാനാവുമെന്ന് താനും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോ. ലോപമുദ്ര പ്രിയദര്‍ശിനി പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ എങ്ങനെ ലാഭമുണ്ടാക്കാം എന്നതിനപ്പുറം സമൂഹത്തിന് വേണ്ടി ചെയ്യാനാവുന്ന കാര്യങ്ങളെ കുറിച്ചാണ് കോര്‍പറേറ്റുകള്‍ ആലോചിക്കാറുള്ളത്. ഇത്തരം പദ്ധതികള്‍ സമൂഹത്തിനും സര്‍ക്കാറിനും മികച്ച ഉത്തേജനം നല്കാറുണ്ട്. ചെറുകിട വ്യവസായങ്ങള്‍ മുതല്‍ വന്‍കിട വ്യവസായങ്ങള്‍ വരെ സി എസ് ആര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മറ്റൊരു രീതിയില്‍ നോക്കിയാല്‍ ബിസിനസ് നിലനില്‍ക്കുന്നത് പൊതുജനങ്ങളുടേയും സമൂഹത്തിന്റേയും പിന്തുണയോടെയാണ്. അതുകൊണ്ടുതന്നെ സി എസ് ആര്‍ പദ്ധതികളിലൂടെ ബിസിനസിന്റെ സുസ്ഥിര വികസനം ഉള്‍പ്പെടെ ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ട്.
നല്ല രീതിയില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാല്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. മാത്രമല്ല ബിസിനസ് ബന്ധങ്ങളേയും ഇത് കാര്യമായ രീതിയില്‍ സ്വാധീനിക്കുമെന്നും അവര്‍ വിശദമാക്കി.
നമുക്ക് ചെയ്യാനാവുമെന്നും നമ്മള്‍ ചെയ്യുമെന്നും കരുതുന്നതിലൂടെയാണ് എല്ലാ കാര്യങ്ങളും നിര്‍വഹിക്കാനുള്ള ആദ്യപടി. നിരവധി പ്രതിസന്ധികള്‍ മുമ്പില്‍ വരാനുള്ള സാധ്യതയുണ്ട്. പക്ഷേ, അവയെല്ലാം മറികടക്കാന്‍ സാധിക്കാനാവും. ഒരു കാര്യം നേടണമെന്ന് ആഗ്രഹിച്ചാല്‍ ലോകം മുഴുവന്‍ കൂടെ നില്‍ക്കും. ജോലിയില്‍ മാത്രമല്ല പ്രതിദിന ജീവിതത്തിലും പ്രതിസന്ധികള്‍ നേരിടാറുണ്ട്.
നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നതിലൂടെ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യാനാവും. മനുഷ്യന്‍ മലയേക്കാള്‍ ഉയരത്തിലാണെന്ന ചിന്തയാണ് ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്. പുരുഷനോ സ്ത്രീയോ എന്നല്ല മനുഷ്യന്‍ എന്നാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. അടിസ്ഥാന മുന്‍ഗണന വിദ്യാഭ്യാസത്തിനായിരിക്കണമെന്നും അവര്‍ പറഞ്ഞു.

