

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷണല്‍ ഗ്രോത് ഏര്‍പ്പെടുത്തിയ ഭാരത ശിക്ഷാ രത്‌ന അവാര്‍ഡിന് മാപ്പിള കല അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അര്‍ഹനായി. ന്യൂനപക്ഷ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം ചെയ്ത സംഭവനക്കാണ് പുരസ്‌കാരം.

ചരിത്രാധ്യാപകന്‍, പ്രിന്‍സിപ്പല്‍, അക്കാദമിക് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ഡോ. ഹുസൈന്‍ വിവിധ വിദ്യാഭ്യാസ സമിതികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. മാപ്പിളകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗമായും മൂന്നുവര്‍ഷമായി ചെയര്‍മാനായും തുടരുന്നു. അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ഗവേണിങ് ബോഡി, കമ്മ്യൂണിറ്റി കോളേജ് ബോര്‍ഡ്, കേരള ആര്‍ക്കൈവ്‌സ് എഡിറ്റോറിയല്‍ കമ്മിറ്റി എന്നിവയില്‍ അംഗമാണ്.

ഇംഗ്ലീഷിലും മലയാളത്തിലുമായി 30 കൃതികള്‍ രചിച്ചിട്ടുണ്ട്. പ്രാദേശിക ചരിത്രപഠനത്തിന് 2019ല്‍ രാജീവ് ഗാന്ധി ഗോള്‍ഡന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളില്‍ ജൂണ്‍ 20ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും

