

ഊട്ടി: തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത് മരിച്ചു. ഉത്തരാഖണ്ഡിലെ പൗഡില്‍ 1948 മാര്‍ച്ച് 16നായിരുന്നു ബിപിന്‍ റാവത്തിന്റെ ജനനം. ഡെറാഡൂണിലെ കാബ്രിയാന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വ്വീസസ് സ്റ്റാഫ് കോളേജ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, അമേരിക്കയിലെ ആര്‍മി സ്റ്റാഫ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഉന്നത സൈനിക വിദ്യാഭ്യാസം. മികച്ച പ്രകടനത്തിനുള്ള ബഹുമതി നേടിയാണ് സൈനിക വിദ്യാഭ്യാസത്തിന് ശേഷം രാജ്യത്തിന്റെ സൈനികനായത്.പ്രതിരോധ വിഭാഗത്തില്‍ എംഫിലും ഫിലോസഫിയില്‍ ഡോക്ടറേറ്റും നേടി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അപൂര്‍വ്വം സേന തലവന്മാരില്‍ ഒരാള്‍ കൂടിയായിരുന്നു റാവത്ത്. ബിരുദം നേടിയ വെല്ലിംഗ്ടണ്‍ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് അന്ത്യം സംഭവിച്ചത്.

