

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ചവരെ തിരിച്ചറിയാന്‍ ഡി എന്‍ എ പരിശോധന നടത്തുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന 14ല്‍ 13 പേരും കൊല്ലപ്പെട്ടതായാണ് എ എന്‍ ഐയുടെ റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ എം 17 വി 5 ഹെലികോപറ്ററാണ് തകര്‍ന്നത്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വീട്ടിലെത്തി. വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മടങ്ങിപ്പോയതായാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച് രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും.

