
ദോഹ: വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം സാധാരണ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ണായക പ്രഖ്യാപനങ്ങള്‍ പുതിയ മന്ത്രിസഭയുടെ ആദ്യബജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സംസ്‌കൃതി ഖത്തര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് ഊന്നല്‍ നല്‍കിയ കിഫ്ബിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് ബജറ്റിലൂടെ പ്രകടമാകുന്നത്. ക്ഷേമപെന്‍ഷന്‍, സ്ത്രീസുരക്ഷാ പദ്ധതികള്‍, ലൈഫ് മിഷന്‍, വയനാട് ടൗണ്‍ഷിപ്പ് പദ്ധതി തുടങ്ങിയവയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ല. തൊഴിലാളികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങി സമൂഹത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങള്‍ നേരിടുന്ന ഗുരുതരമായ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ കാണാനായില്ല.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നിര്‍ണായക സംഭാവന നല്‍കുന്ന പ്രവാസി സമൂഹത്തെ ബജറ്റ് പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്. പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരക്ഷണം, തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന പദ്ധതികള്‍ എന്നിവയ്ക്ക് യാതൊരു പ്രാധാന്യവും നല്‍കിയിട്ടില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ലോക കേരള സഭയെക്കുറിച്ചും ബജറ്റ് മൗനം പാലിച്ചിരിക്കുകയാണ്.

പ്രവാസി ക്ഷേമപെന്‍ഷന്‍ വിതരണം ദീര്‍ഘകാലമായി മുടങ്ങിയിട്ടും അത് പുനഃസ്ഥാപിക്കുന്നതിനോ കുടിശ്ശികകള്‍ അടിയന്തരമായി വിതരണം ചെയ്യുന്നതിനോ ആവശ്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇല്ലാത്തത് പ്രതിഷേധാര്‍ഹമാണ്. ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ ക്ഷേമപദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംസ്‌കൃതി ആവശ്യപ്പെട്ടു.
അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രവാസികളുടെയും ആശങ്കകള്‍ ഗൗരവമായി പരിഗണിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംസ്‌കൃതി ഖത്തര്‍ പ്രസിഡന്റ് സാബിത് സഹീറും ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളവും സംയുക്ത പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

