

കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റില്‍. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി ചോലക്കാപറമ്പില്‍ അബ്ദുല്ലക്കുട്ടി (42) നെയാണ് സി -ബ്രാഞ്ച് (ജില്ല ക്രൈംബ്രാഞ്ച്) അറസ്റ്റു ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി നിലമ്പൂരില്‍ വനത്തോട് ചേര്‍ന്നുള്ള വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

കോഴിക്കോട് ചെറുവണ്ണൂരിലെ സി സി കോംപ്ലക്സില്‍ പ്രവര്‍ത്തിച്ച കോഡിഷ് ധിനി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമയാണിയാള്‍. സ്ഥാപത്തിലേക്ക് വലിയതോതില്‍ പണം നിക്ഷേപമായി സ്വീകരിക്കുകയും പിന്നീട് മുങ്ങുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പത്തുകോടിയോളം രൂപയാണ് പ്രതി വിവിധയാളുകളില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചത്. കേസില്‍ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന സുധീര്‍ ബാബു നേരത്തെ അറസ്റ്റിലായിരുന്നു.

കോഴിക്കോടിനു പുറമെ വയനാട്ടിലും തൃശൂരിലുമായി സ്ഥാപനത്തിന് എട്ട് ശാഖകളാണുണ്ടായിരുന്നത്. ഇവിടങ്ങളിലെ ജീവനക്കാരടക്കമുള്ളവരാണ് നിക്ഷേപകരിലേറെപേരും. വലിയ ലാഭവിഹിതം നല്‍കാമെന്നറിയിച്ചതോടെ അമ്പതിനായിരം മുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് പലരും നിക്ഷേപിച്ചത്.
എന്നാല്‍ നിക്ഷേപ കാലാവധി അവസാനിച്ചിട്ടും തുകയോ ലാഭ വിഹിതമോ തിരിച്ചുകൊടുക്കാത്തതോടെ ഇടപാടുകാരെത്തി സ്ഥാപനത്തില്‍ തര്‍ക്കം തുടങ്ങി. പിന്നാലെയാണ് സ്ഥാപനം അടച്ചുപൂട്ടിയതും ഒരുവര്‍ഷം മുമ്പ് ഉടമ മുങ്ങിയതും. ഇതോടെ ജീവനക്കാരടക്കം നല്ലളം പൊലീസില്‍ പരാതി നല്കി.
വിവിധയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താവാനാത്തതോടെ പൊലീസ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വന്‍ തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം സി ബ്രാഞ്ച് ഏറ്റെടുത്തത്. അസിസ്റ്റന്റ് കമീഷണര്‍ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

