
കോഴിക്കോട്: സെന്‍സസ് നടപടികളുടെ പേരില്‍ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികള്‍ നിര്‍ത്തിവെച്ച സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) ആവശ്യപ്പെട്ടു. ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റം പൂര്‍ണമായും തടയുന്നത് പ്രായോഗികമല്ലെന്നും
സ്ഥലംമാറ്റം തടസ്സപ്പെടാത്ത രൂപത്തില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് കെ എ ടി എഫ് ആവശ്യപ്പെട്ടു.

സ്ഥലംമാറ്റം ലഭിച്ച അധ്യാപകര്‍ക്ക് സെന്‍സസ് ചുമതലകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കി പുതിയ സ്‌കൂളുകളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം നല്‍കണമെന്നും ഇത്തരം നിയന്ത്രണങ്ങള്‍ അധ്യാപകരില്‍ അനാവശ്യ ആശങ്കയും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നതായി കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മാടമ്പാട്ട്, ട്രഷറര്‍ എ പി ബഷീര്‍, മാഹിന്‍ ബാഖവി, നൗഷാദ് കോപ്പിലാന്‍, എം എ റഷീദ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
