
കുവൈത്ത് സിറ്റി: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണകള്‍ പുതുക്കി ഐ സി എഫ് കുവൈത്ത് നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഈദ് സൗഹൃദ സംഗമം’ സംഘടിപ്പിച്ചു. അബ്ബാസിയ എവര്‍ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവാസികള്‍ പങ്കെടുത്തു.

ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി അധ്യക്ഷത വഹിച്ചു. സംഗമം അബ്ദു റസാഖ് സഖാഫി പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് ഇത്തരം ഒത്തുചേരലുകള്‍ പരസ്പര സ്‌നേഹവും സൗഹൃദവും ദൃഢമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഹമ്മദ് അലി സഖാഫി പട്ടാമ്പി മുഖ്യപ്രഭാഷണവും ഈദ് സന്ദേശവും നല്‍കി. ത്യാഗസന്നദ്ധതയും സഹജീവി സ്‌നേഹവുമാണ് ഈദിന്റെ യഥാര്‍ഥ സന്ദേശമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അബ്ദുല്‍ അസീസ് സഖാഫി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം പ്രവാസി കലാകാരന്മാര്‍ അണിനിരന്ന മനോഹരമായ ‘ഇശല്‍ സദസ്സ്’ അരങ്ങേറി. ഷബീര്‍ സാസ്‌കോ മീഡിയേറ്ററായി നയിച്ച സദസ്സില്‍ വിവിധ റീജിയണുകളെ പ്രതിനിധീകരിച്ച് മദ്ഹ് ഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, ബുര്‍ദ, ഖവ്വാലി, അറബിക് നാഥ് എന്നിവ അവതരിപ്പിക്കപ്പെട്ടു. പ്രവാസ മണ്ണിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നതായിരുന്നു കലാവിരുന്ന്.
ചടങ്ങില്‍ അബ്ദുല്‍ ലത്തീഫ് തോണിക്കര സ്വാഗതവും നൗഷാദ് തലശ്ശേരി നന്ദിയും രേഖപ്പെടുത്തി. ഐ സി എഫ് ഭാരവാഹികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഗമത്തിന് നേതൃത്വം നല്‍കി.

