
ദോഹ: ചിത്തിര ക്രിയേഷന്‍സിന്റെ ബാനറില്‍ ഉസ്മാന്‍ കല്ലന്‍ നിര്‍മ്മിച്ച് ശ്രാവണ്‍ സുരേഷ് ആലപിച്ച് സമര്‍പ്പിക്കുന്ന ചിത്രാമ്മയ്‌ക്കൊരു പിറന്നാള്‍ സമ്മാനം ചൈത്ര ശ്രാവണം എന്ന ആല്‍ബത്തിന്റെ പോസ്റ്റര്‍- ടീസര്‍ ലോഞ്ച് ചെയ്തു.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഈരടികള്‍ക്ക് വിദ്യാധരന്‍ മാസ്റ്റര്‍ ഈണം നല്‍കി ശ്രാവണ്‍ സുരേഷ് പാടിയ ഈ ഗാനാര്‍ച്ചന ചിത്രയുടെ ജന്മദിനമായ ജൂലായ് 27ന് റിലീസ് ചെയ്യുന്നു.
ആല്‍ബത്തിന്റെ പോസ്റ്ററിന്റെയും ടീസറിന്റെയും ലോഞ്ചിങ് ഖത്തറിലെ പ്രശസ്തമായ ഒലീവ് സുനോ നെറ്റ് വര്‍ക്കിന്റെ റേഡിയോ സുനോ 91.7 ന്റെ സ്റ്റുഡിയോയില്‍ നടത്തി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ശ്രാവണ്‍ ചിത്രയ്ക്കായി ജന്‍മദിനാശംസാ ഗാനാര്‍ച്ചനകള്‍ സമര്‍പ്പിക്കുന്നത്.

ചടങ്ങില്‍ പങ്കെടുത്ത ഡോ. റഷീദ് പട്ടത്ത് ഈ ചെറു പ്രായത്തില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ- വിദ്യാധരന്‍ മാസ്റ്റര്‍ എന്നീ മഹാരഥന്മാരുടെ ഗാനം ആലപിക്കാന്‍ ഭാഗ്യം ലഭിച്ച ശ്രാവണിനെ പ്രശംസിച്ചു. ആല്‍ബത്തിന്റെ നിര്‍മാതാവ് ഉസ്മാന്‍ കല്ലന്റെ മകന്‍ ഷഹീന്‍ ഉസ്മാന്‍, സംസ്‌കൃതി പ്രസിഡണ്ട് സാബിത്ത് ഷഹീര്‍, സെക്രട്ടറി ബിജു പി മംഗലം എന്നിവര്‍ ആല്‍ബത്തിന് ആശംസയറിയിച്ച് സംസാരിച്ചു.
ശ്രാവണിന്റെ പിതാവും ഖത്തര്‍ സമന്വയ പ്രസിഡണ്ടുമായ സുരേഷ് ബാബു പണിക്കര്‍, സെക്രട്ടറി രഞ്ജിത്ത് ദേവദാസ്, അശ്വിനി രഞ്ജിത്ത്, ഉണ്ണി കൊണ്ടോട്ടി, അനുരാജ് കളരിക്കല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

