
ന്യൂഡല്‍ഹി: കൊടുങ്ങല്ലൂര്‍- അങ്കമാലി ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കാനുള്ള ഡി പി ആര്‍ നടപടികള്‍ തയ്യാറാക്കി വരുന്നതായും അവസാന അലൈന്‍മെന്റ് രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമാകുമെന്നും കേന്ദ്ര ഉപരിതല- ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി നേരില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബെന്നി ബഹനാന്‍ എം പിയെ അറിയിച്ചു. ഡി പി ആര്‍ നടപടികളെല്ലാം ദ്രുതഗതിയില്‍ നടക്കുകയാണ്. അതേ വേഗതയില്‍ തന്നെ അലൈന്‍മെന്റിനുള്ള നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അതോടൊപ്പം ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അങ്കമാലി- അരൂര്‍- കൊച്ചി ബൈപ്പാസിന്റെ 3 എ വിജ്ഞാപന നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്നും സ്ഥലമെടുപ്പിന് വേണ്ടിയുള്ള നടപടികള്‍ വേഗത്തില്‍ ആരംഭിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പു നല്‍കി. നേരത്തെ ആറുവരിപ്പാതയായി തീരുമാനിച്ചിരുന്ന ബൈപ്പാസ് ഇപ്പോള്‍ എട്ടുവരിയായും പിന്നീട് 10 വരിയാക്കാനുള്ള സ്ഥലമാണ് ഏറ്റെടുക്കാന്‍ പോകുന്നത്. നേരത്തെ 45 മീറ്റര്‍ എന്നത് 70 മീറ്റര്‍ വീതിയാക്കാന്‍ സ്ഥലം ഏറ്റെടുക്കുമെന്നും എന്നാല്‍ അലൈന്‍മെന്റില്‍ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നും കൂടിക്കാഴ്ചയില്‍ മന്ത്രി എം പിയെ ധരിപ്പിച്ചു.
