Connect with us

Special

വെട്ടിയിട്ടും തീരാത്ത കോലാഹലങ്ങള്‍

Published

on


ഒരു സിനിമയെ കുറിച്ച് ഇത്രയും ചര്‍ച്ച ചെയ്യാന്‍ എന്തിരിക്കുന്നു എന്നിടത്ത് ആ സിനിമ കാണാനുള്ള ആകാംക്ഷ തുടങ്ങുന്നു. ഒടുവില്‍ സിനിമാ സ്‌നേഹികള്‍ എത്രയും വേഗം ആ പടം കാണുന്നു.

പബ്ലിസിറ്റി രണ്ടു തരമുണ്ട്- പോസിറ്റീവും നെഗറ്റീവും. ഇതില്‍ നെഗറ്റീവില്‍ തുടങ്ങി പോസിറ്റീവില്‍ അവസാനിക്കുന്ന പബ്ലിസിറ്റി സ്റ്റണ്ട് ആണോ ഈ ചര്‍ച്ചക്ക് പിന്നില്‍ എന്ന് വിവാദങ്ങളുടെ തുടക്കത്തില്‍ സംശയിച്ചിരുന്ന ആര്‍ക്കും ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ തീവ്ര ഹിന്ദുത്വ ശക്തികള്‍ മുറവിളി കൂട്ടുന്നതില്‍ കാരണമുണ്ടെന്ന് മനസ്സിലാവും.

സ്വന്തം ചരിത്രം മനഃപൂര്‍വം വിസ്മരിക്കുകയും അത് മായ്ച്ചു കളയാന്‍ ശ്രമിക്കുകയും ചെയ്യുന്ന പരിവാര്‍ സംഘം ഗുജറാത്ത് കലാപം, ഗാന്ധി വധം പോലുള്ള യഥാര്‍ഥ ചരിത്ര വസ്തുതകള്‍ പുസ്തകങ്ങളില്‍ പോലും കാണാന്‍ ഭയപ്പെടുന്നു.

ഈ സിനിമ നിരോധിക്കാനോ പ്രദര്‍ശനം തടയാനോ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയോ സര്‍ക്കാറോ ആവശ്യപ്പെട്ടിട്ടില്ല. നേതാക്കളും ആവശ്യമുന്നയിച്ചില്ല. ഓര്‍ഗനൈസറില്‍ വന്ന ലേഖനത്തില്‍ പോലും ചിത്രത്തിന്റെ തിരക്കഥ മുതല്‍ ഫോട്ടോഗ്രാഫി വരെയുള്ള കാര്യത്തില്‍ തികഞ്ഞ പരാജയമായ ഒരു ചീത്ത സിനിമ എന്നല്ലാതെ പ്രദര്‍ശനം
തടയണമെന്നോ ചിത്രം നിരോധിക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല.

എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ഉത്തമ ബോധ്യം എന്ന് തോന്നിയ കാര്യങ്ങളാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി എഴുതിയിട്ടുള്ളത്.

ഈ സിനിമ സെന്‍സര്‍ ബോര്‍ഡ് കാണുകയും യു സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും ചെയ്തതാണ്. എന്നിട്ടും മോഹന്‍ലാല്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിക്കുന്നു. 17ഓളം ഇടത്ത് കത്രിക വെക്കാന്‍ സ്വയം സന്നദ്ധമാകുന്നു എന്നത് വളരെ ഗുരുതരവും ഭീതിജനകവുമായ അവസ്ഥയിലേക്കാണ് നമ്മുടെ രാജ്യം സഞ്ചരിക്കുന്നത് എന്നതിന്റെ സൂചനയാണ്. ഒരു പ്രതിഷേധ പ്രകടനമോ സംഘര്‍ഷമോ ഒന്നും ഉണ്ടാകാതെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് മാത്രം ഇതാണ് അവസ്ഥയെങ്കില്‍ ഇനി മുതല്‍ നാട്ടിലെ മത രാഷ്ട്രീയ നേതാക്കളെ കൂടി ഉള്‍പ്പെടുത്തി സെന്‍സര്‍ ബോര്‍ഡ് വികസിപ്പിക്കേണ്ടി വരും. എന്നിട്ട് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ മാത്രം പുറത്തിറങ്ങട്ടെ.

നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും പ്രവര്‍ത്തകരെയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതും ഒരു സമുദായത്തെ മൊത്തം അധിക്ഷേപിക്കുന്ന തരത്തിലുള്ളതുമൊക്കെയായ എത്രയോ സിനിമകള്‍ ഉണ്ടായിട്ടും ഒന്നും സംഭവിക്കാത്ത നമ്മുടെ രാജ്യത്ത് ഇനി മുതല്‍ ആട്ടവും പാട്ടും മാത്രമുള്ള നിര്‍ദോഷകരമായ സിനിമകള്‍ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു എന്ന് ചുരുക്കം.

ഇതിനോടകം തന്നെ ഒരു കട്ടിങ്ങും ഇല്ലാതെ ആയിരക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞ ഈ ചിത്രത്തില്‍, അണിയറ ശില്‍പ്പികള്‍ക്ക് തങ്ങള്‍ ഉദ്ദേശിച്ച ആശയം എന്താണോ അത് ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്ന് സമാധാനിക്കാം.

180 കോടി ചിലവഴിച്ച് ലഭ്യമായ സാങ്കേതിക ടെക്‌നിക്കുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി, നാല് രാജ്യങ്ങളിലായി ചിത്രീകരിച്ച്, പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തി പ്രമുഖ നടീനടന്മാര്‍ അഭിനയിച്ച ഈ സിനിമ ഒരു ബ്ലോക്ക് ബസ്റ്റര്‍ മൂവി എന്ന ഗണത്തില്‍ പെടുത്താം. സിനിമയില്‍ എല്ലാ അഭിനേതാക്കളും മികവ് പുലര്‍ത്തി എന്ന് പറയാതെ വയ്യ.

നാല് ദിവത്തിനകം 75 കോടിയില്‍ എത്തി നില്‍ക്കുന്ന എമ്പുരാന്‍ മലയാള സിനിമയുടെ സര്‍വ്വകാല റികോര്‍ഡ് ആയ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ 242 കോടി മറികടക്കുമോ എന്ന് കാത്തിരിന്നു കാണാം.

അഷ്‌റഫ് മടിയാരി


error: Content is protected !!