

തിലക് മൈതാന്‍ സ്റ്റേഡിയം (ഗോവ): ജോര്‍ജ് ഡയസിന്റെയും അഡ്രിയാന്‍ ലൂണയുടെയും തകര്‍പ്പന്‍ പ്രകടനത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് കുതിച്ചു. ചെന്നെയിന്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് ഐ എസ് എല്‍ സെമി പ്രതീക്ഷ വാനോളമുയര്‍ത്തി. ജോര്‍ജ് ഡയസിന്റെ ഇരട്ടഗോളില്‍ മിന്നിയ ബ്ലാസ്റ്റേഴ്സ് അഡ്രിയാന്‍ ലൂണയുടെ മനോഹര ഫ്രീകിക്കില്‍ ജയം പൂര്‍ത്തിയാക്കി. മൂന്ന് മിനിറ്റിന്റെ ഇടവേളയിലായിരുന്നു ഡയസിന്റെ രണ്ട് ഗോളും. ലൂണ അവസാന നിമിഷം വല കണ്ടു. പതിനെട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് ജയമുള്‍പ്പെടെ 30 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു ബ്ലാസ്റ്റേഴ്സ്. ഇനി രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്.

സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെതിരെ ഒന്നാന്തരം കളി പുറത്തെടുത്തു. തുടക്കം മുതല്‍ ആക്രമിച്ചു.

ഹൈദരാബാദിനെതിരെ കളിച്ച ടീമില്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് മാറ്റങ്ങള്‍ വരുത്തി. പ്രതിരോധത്തില്‍ വി ബിജോയിക്ക് പകരം ഹോര്‍മിപാം എത്തി. ഹര്‍മന്‍ജോത് ഖബ്ര, മാര്‍കോ ലെസ്‌കോവിച്ച്, സഞ്ജീവ് സ്റ്റാലിന്‍ എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുല്‍ സമദ് ഇറങ്ങിയില്ല. പകരം വിന്‍സി ബരെറ്റോ എത്തി. ആയുഷ് അധികാരി, പുയ്ട്ടിയ, ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എന്നിവരായിരുന്നു മധ്യനിരയിലെ മറ്റുള്ളവര്‍. മുന്നേറ്റത്തില്‍ ജോര്‍ജ് ഡയസ് ചെഞ്ചോയ്ക്ക് പകരം എത്തി. അല്‍വാരോ വാസ്‌കസ് തുടര്‍ന്നു. ഗോള്‍ മുഖത്ത് പ്രഭ്‌സുഖന്‍ ഗില്‍.
ചെന്നൈയിന്‍ എഫ് സിയുടെ ഗോള്‍മുഖത്ത് വിശാല്‍ കെയ്ത്. ജെറി ലാല്‍റിന്‍സുവാല, നാരായണ്‍ദാസ്, ദീപക് ദേവ്റാണി പ്രതിരോധത്തില്‍. ക്യാപ്റ്റന്‍ അിരുദ്ധ് ഥാപ്പ, ജര്‍മന്‍പ്രീത് സിങ്, വ്ളാദിമിര്‍ കൂമാന്‍, എഡ്വിന്‍ വാന്‍സ്പോള്‍ എന്നിവര്‍ മധ്യനിരയില്‍. മുന്നേറ്റത്തില്‍ ജോബി ജസ്റ്റിനും റഹീം അലിയും ലൂക്കാസ് ഗിക്കീവിക്സും.
പന്തില്‍ പൂര്‍ണ നിയന്ത്രണം നേടിയാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. കളിയുടെ ഏഴാം മിനിറ്റില്‍ സ്റ്റാലിന്റെ ക്രോസ് ബോക്സില്‍ എത്തിയെങ്കിലും സ്വീകരിക്കാനാളുണ്ടായില്ല. മിനിറ്റുകള്‍ക്കിടെ ഇടതുപാര്‍ശ്വത്തില്‍ സ്റ്റാലിന്റെ മറ്റൊരു മുന്നേറ്റം. ഇക്കുറി ക്രോസ് ഡയസിന്റെ തലയില്‍. പക്ഷേ, പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. മറുവശത്ത് കൂമാന്റെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചു. 15-ാം മിനിറ്റില്‍ വാസ്‌കസിന്റെ മനോഹര പ്രകടനം കണ്ടു. ബോക്സിലേക്ക് ഉയര്‍ന്നെത്തിയ പന്ത് വാസ്‌കസ് ഗോള്‍മുഖത്ത് നിയന്ത്രിച്ച് തൊട്ടുപിന്നിലുള്ള ഡയസിലേക്ക് തട്ടിയിട്ടു. എന്നാല്‍ ഡയസിന് ചെന്നൈയിന്‍ പ്രതിരോധത്തെ ഭേദിക്കാനായില്ല. പിന്നാലെ ലൂണയുടെ ക്രോസും ചെന്നൈ പ്രതിരോധം തടഞ്ഞു. പിന്നാലെ ആയുഷിന്റെ ലോങ് റേഞ്ചര്‍ ലക്ഷ്യമില്ലാതെ പറന്നു. എങ്കിലും ചെറുപാസുകളുമായി ബ്ലാസ്റ്റേഴ്സ് കളംപിടിച്ചു.
24-ാം മിനിറ്റില്‍ മികച്ച അവസരം പാഴാക്കി. വാസ്‌ക്സ് ബോക്സിലേക്ക് മനോഹരമായി നല്‍കിയ പന്ത് ഡയസ് പുറത്തേക്കടിച്ചു. 28-ാം മിനിറ്റില്‍ ലൂക്കാസിന്റെ അപകടരമായ നീക്കത്തെ ഹോര്‍മിപാം കോര്‍ണര്‍ വഴങ്ങി തടഞ്ഞു. ചെന്നൈയിന്‍ പൂര്‍ണമായും പ്രതിരോധത്തിലേക്ക് പിന്‍വാങ്ങി. 34-ാം മിനിറ്റില്‍ ലൂണയുടെ കോര്‍ണര്‍ കിക്ക് കെയ്ത് പിടിച്ചെടുത്തു. 38-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ മികച്ച അവസരം കൈവന്നത്. ലൂണ വേഗത്തില്‍ എടുത്ത ഫ്രീകിക്കിനൊടുവില്‍ വാസ്‌കസ് ഒന്നാന്തരമായി ഗോള്‍മുഖത്തേക്ക് ക്രോസ് കൊടുത്തു. എന്നാല്‍ ക്ലോസ് റേഞ്ചില്‍വച്ച് ഡയസിന് പിഴച്ചു. വേഗത്തില്‍ ഓടിയെത്തിയ ഡയസിന്റെ ഷോട്ട് പുറത്തേക്ക് തെറിക്കുകയായിരുന്നു. ആ നിരാശയില്‍ ബ്ലാസ്റ്റേഴ്സ് ചെറുതായൊന്ന് തളര്‍ന്നു. ഇതിനിടെ ബോക്സിനുള്ളില്‍ സ്റ്റാലിന്റെ ഷോട്ട് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പൂര്‍ണ നിയന്ത്രണം നേടിയിട്ടും വല ചലിപ്പിക്കാനാകത്തതിന്റെ നിരാശയിലാണ് ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞത്.
മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാംപകുതി തുടങ്ങിയത്. വിന്‍സി ബരെററ്റോയ്ക്ക് പകരം സഹല്‍ കളത്തിലെത്തി. തുടക്കം മുതല്‍ കടുത്ത ആക്രമണമായിരുന്നു. ആ ആക്രമണത്തിന് ഫലം കിട്ടി. ആദ്യപകുതിയില്‍ പാഴാക്കിയ അവസരങ്ങള്‍ക്ക് ഡയസിന്റെ മറുപടി. 52-ാം മിനിറ്റില്‍ ഖബ്രയുടെ ലോങ് ക്രോസില്‍നിന്നായിരുന്നു തുടക്കം. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് ഖബ്ര തൊടുത്ത ക്രോസ് ബോക്സിന് അരികെ ലൂണയിലേക്ക്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ തലകൊണ്ട് വലതുഭാഗത്തേക്ക് ചെത്തി. കുതിച്ചെത്തിയ ഡയസ് തൊടുത്തു. 10ന് ബ്ലാസ്റ്റേഴ്സ് മുന്നില്‍. അതിന്റെ ആവേശം അവസാനിക്കും മുമ്പ് ഡയസിന്റെ രണ്ടാമത്തെ മിന്നലുമെത്തി. ഇക്കുറി ഇടതുഭാഗത്ത്നിന്നുള്ള ലോങ് ക്രോസില്‍നിന്നായിരുന്നു തുടക്കം. ബോക്സിനരികെവച്ച് വാസ്‌ക്സ് പന്ത് മറിച്ചുകൊടുത്തു. കുതിച്ചുകയറിയ സ്റ്റാലിന്‍ പ്രതിരോധക്കാര്‍ക്കിടയിലൂടെ ശക്തമായി ഷോട്ട് പായിച്ചു. ക്രോസ് ബാറിലാണ് തട്ടിയത്. പന്ത് അതേ വേഗത്തില്‍ തിരിച്ചെത്തി. ഗോള്‍മുഖത്ത് നങ്കൂരമിട്ട ഡയസ് അത് കണ്ടു. ഓടിച്ചെന്ന് തലകൊണ്ട് കുത്തി. ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന് ഒന്നും ചെയ്യാനുണ്ടായില്ല. ബ്ലാസ്റ്റേഴ്സ് രണ്ട്ഗോളിന് മുന്നില്‍. പിന്നാലെ വാസ്‌കസിന്റെ ഫ്രീകിക്ക് ചെന്നൈയിനിന്റെ പ്രതിരോധഭിത്തിയില്‍ തട്ടിത്തെറിച്ചു. മറുവശത്ത് ചെന്നൈയിന്‍ നീക്കങ്ങളെ പ്രതിരോധം കൃത്യമായി തടഞ്ഞു. പ്രത്യാക്രമണങ്ങള്‍ കൊണ്ട് ഇടയ്ക്ക് ചെന്നൈയിന്‍ പ്രതിരോധത്തെ പരീക്ഷിക്കുകയും ചെയ്തു. ഡയസ് അപകടകാരിയായി.
72-ാം മിനിറ്റില്‍ വുകോമനോവിച്ച് കളിയിലെ രണ്ടാമത്തെ മാറ്റംവരുത്തി. സഞ്ജീവ് സ്റ്റാലിന് പകരം സന്ദീപ് സിങ് പ്രതിരോധത്തിലെത്തി. ഇതിനിടെ ചെന്നൈയിന്‍ പ്രതിരോധപ്പിഴവില്‍ ഡയസ് ഹാട്രികിന് അരികെയെത്തി. എന്നാല്‍ മുതലാക്കാനായില്ല. കളി നിയന്ത്രണത്തിലായതോടെ രണ്ട് മാറ്റങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്സ് വരുത്തി. ഗോളടിക്കാരന്‍ ഡയസും ആയുഷും കയറി. രാഹുല്‍ കെ പിയും ചെഞ്ചോയും കളത്തിലെത്തി.
ഷോട്ടുകളിലും പാസുകളുടെ എണ്ണത്തിലും ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെക്കാള്‍ ഏറെ മുന്നിലായിരുന്നു. 81-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു ആക്രമണംവന്നു. ഇക്കുറി ഇടതുഭാഗത്ത്നിന്ന് സന്ദീപിന്റെ ക്രോസായിരുന്നു. പക്ഷേ, പ്രതിരോധം തടഞ്ഞു. ചെഞ്ചോയുടെ രണ്ട് ശ്രമങ്ങളും പ്രതിരോധത്തില്‍ തീര്‍ന്നു. ഓരോ തവണയും വാസ്‌ക്സിന്റെയും സഹലിന്റെയും ലൂണയുടെയും നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് നിര ഇരമ്പിയെത്തി. 90-ാം മിനിറ്റില്‍ മറ്റൊരു മാറ്റം കൂടിയുണ്ടായി. വാസ്‌കസിന് പകരം എണെസ് പെരെസ് എത്തി. പിന്നാലെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും നേടി. ലൂണയുടെ മറ്റൊരു മിന്നുന്ന ഫ്രീകിക്ക്. പ്രതിരോധ ഭിത്തിക്ക് മുകളിലൂടെ കെയ്തിനെ മറികടന്ന് വലയിലേക്ക്. മൂന്ന് ഗോള്‍ ജയത്തോടെ ബ്ലാസ്റ്റേഴ്സ് കുതിച്ചു.
മാര്‍ച്ച് രണ്ടിന് മുംബൈ സിറ്റിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ആറിന് അവസാന ലീഗ് മത്സരത്തില്‍ ഗോവയെയും നേരിടും.

