ചെര്‍പ്പുളശ്ശേരി എച്ച് ഡി ബി ബാങ്ക് തട്ടിപ്പ്; ആര്‍ എസ് എസ് നേതാവ് അറസ്റ്റില്‍

Web Desk
3 Min Read

ചെര്‍പ്പുളശ്ശേരി: ഹിന്ദുസ്ഥാന്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആര്‍ എസ് എസ് നേതാവിനെ അറസ്റ്റ് ചെയ്തു. എച്ച് ഡി ബി നിധി ലിമിറ്റഡ് ചെയര്‍മാന്‍ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിക്ഷേപ തട്ടിപ്പ് ആരോപിച്ച് ഇയാള്‍ക്കെതിരെ ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകരായ ഏഴുപേരാണ് പരാതി നല്‍കിയത്.
2020 ഫെബ്രുവരിയില്‍ ചെര്‍പ്പുളശ്ശേരിയില്‍ ആരംഭിച്ച സ്ഥാപനം ഉയര്‍ന്ന പലിശയാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കോടികള്‍ സമാഹരിച്ച സ്ഥാപനം നിക്ഷേപകരുടെ പരാതിയെത്തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു.

city exchange


ബാങ്ക് അധികൃതരുടെ നിലപാടില്‍ സംശയം തോന്നിയ ഇടപാടുകാര്‍ നിക്ഷേപം തിരികെ ആവശ്യപ്പെട്ടെങ്കിലും തരികെ ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് പരാതി നല്കിയത്. മാത്രമല്ല സ്ഥാപനത്തിനുവേണ്ടി വാങ്ങിയ വാഹനങ്ങള്‍ ചെയര്‍മാന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തതായും ആരോപണത്തിലുണ്ട്.


മൂന്ന് കേസുകളാണ് സുരേഷ് കൃഷ്ണയുടെ പേരില്‍ ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലുള്ളത്. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

- Advertisement -
Ad image


ആര്‍ എസ് എസ്, ബി ജെ പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്ഥാപനമാണ് എച്ച് ഡി ബി നിധി ലിമിറ്റഡ്. നിലവില്‍ ആര്‍ എസ് എസില്‍ സുരേഷ് കൃഷ്ണയ്ക്ക് സ്ഥാനങ്ങളൊന്നുമില്ലെങ്കിലും നേരത്തെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. താന്‍ മാത്രമല്ല എച്ച് ഡി ബി നിധി ലിമിറ്റഡിന്റെ ഡയറക്ടറെന്നും താന്‍ ഉള്‍പ്പെടെ ഒന്‍പത് ആര്‍ എസ് എസ്- ബി ജെ പി നേതാക്കള്‍ എച്ച് ഡി ബി നിധി ലിമിറ്റഡില്‍ ഡയറക്ടര്‍മാരാണെന്നും ഒരാള്‍ക്കു മാത്രമായി തട്ടിപ്പ് നടത്താനാവില്ലെന്നും സുരേഷ് കൃഷ്ണ ഒരു മാസം മുമ്പ് എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. മാത്രമല്ല, മറ്റ് ഒന്‍പത് ഡയറക്ടര്‍മാരുടെ പേരുകളും ഫോട്ടോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


എച്ച് ഡി ബി നിധി ലിമിറ്റഡ് ബി ജെ പി- ആര്‍ എസ് എസ് സ്ഥാപനമല്ലെങ്കിലും ആര്‍ എസ് എസ് നെല്ലായ മുന്‍ മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് അനില്‍ കുമാര്‍, ബി ജെ പി ഷൊര്‍ണൂര്‍ നിയോജക മണ്ഡലം സെക്രട്ടറി വിനോദ് കുളങ്ങര, ബി ജെ പി മുന്‍ കീഴൂര്‍ മെമ്പറും തൃക്കടീരി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ രാജു കൂട്ടാല, സേവാഭാരതി ചെര്‍പ്പുളശ്ശേരി നഗര്‍ സെക്രട്ടറിയും അയ്യപ്പന്‍കാവ് ശാഖാ കാര്യവാഹുമായ കാര്‍ത്തിക് കറുത്തേടത്ത്, ആര്‍ എസ് എസ് ചെര്‍പ്പുളശ്ശേരി ഖണ്ഡ് സഹകാര്യവാഹ് അനൂപ് തരുവക്കോണം, കൃഷ്ണപ്രഭ തൂത, ആര്‍ എസ് എസ് ചെര്‍പ്പുളശ്ശേരി നഗര്‍ ശാരീരിക് പ്രമുഖ് മനീഷ്, ആര്‍ എസ് എസ് ചെര്‍പ്പുളശ്ശേരി ഖണ്ഡ് സേവാപ്രമുഖ് പ്രശാന്ത് എന്നിവരോടൊപ്പം താനും ഡയറക്ടര്‍ ബോര്‍ഡ് അംഗമാണെന്നാണ് സുരേഷ് കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.


സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ആര്‍ എസ് എസ് മാങ്ങോട് മണ്ഡല്‍ കാര്യവാഹി ദീപേഷ് കുമാറിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെന്ന കുറിപ്പും രണ്ടാഴ്ച മുമ്പ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡയറക്ടര്‍മാരിലൊരാളും ആര്‍ എസ് എസ് നേതാവുമായ വിനോദ് കുളങ്ങരയും കൂട്ടരുമാണ് ദീപേഷിനെ കൊണ്ട് പല കാര്യങ്ങളും ചെയ്യിക്കുന്നതെന്നും സുരേഷ് കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്.


ഒരു മേശയ്ക്കിരുവശവും ഇരുന്ന് തീര്‍പ്പാക്കാമായിരുന്ന വിഷയം മാത്രമായിരുന്നു ഇതെന്നും അതുനിര്‍വഹിക്കാതെ താനില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയേയും അച്ഛനേയും അമ്മയേയും പത്തു മണിക്കൂറോളം ആര്‍ എസ് എസ് കാര്യകര്‍ത്താക്കളും എച്ച് ഡി ബി ഡയറക്ടര്‍മാരും ഗുണ്ടകളെ പോലെ തോന്നിക്കുന്ന ചിലരും അടങ്ങുന്ന മുപ്പതംഗ സംഘം അസഭ്യവര്‍ഷവും കൈയ്യേറ്റവും നടത്തി ഭീഷണിപ്പെടുത്തി പല കാര്യങ്ങളഉം പറയിപ്പിച്ചും പേക്കൂത്തു നടത്തിയെന്നും ഫേസ്ബുക്കില്‍ കുറിക്കുന്നു.


എച്ച് ഡി ബി ദി ഹിന്ദുസ്ഥാന്‍ ബാങ്കിംഗ് എന്ന പേരില്‍ 2020 നവംബര്‍ 25ന് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ വള്ളുവനാടന്‍ ഗ്രാമമായ ചെര്‍പ്പുളശ്ശേരിയില്‍ ഒരുകൂട്ടം സ്വയംസേവകര്‍ തുടക്കം കുറിച്ച സാമ്പത്തിക സംരംഭം കേരളത്തിലെ മുഴുവന്‍ നഗരങ്ങളിലേക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നമുക്കും സാമ്പത്തിക ശക്തിയാകാമെന്നും സംരംഭകരാകാമെന്നും കൂട്ടായ്മയിലൂടെ യുവതലമുറയുടെ ആവശ്യങ്ങള്‍ക്ക് കൂടെ നില്‍ക്കാമെന്നും പറയുന്ന കുറിപ്പ് ഇത് ആര്‍ എസ് എസ് പിന്തുണയോടെയുള്ള സാമ്പത്തിക സ്ഥാപനമാണെന്ന് വ്യക്തമാകുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!