
പാരീസ്: ലയണല്‍ മെസ്സിയെ വരവേറ്റ് പാരീസ് സെന്റ് ജര്‍മ്മന്‍ ക്ലബ്ബിന്റെ ട്രയിലര്‍. പിഎസ്ജിയുടെ മുപ്പതാം നമ്പര്‍ ജേഴ്‌സിയാണ് മെസി അണിയുകയെന്ന സൂചന ട്രെയിലര്‍ നല്കുന്നു. പി എസ് ജി x മെസി: പരീസില്‍ പുതിയ രത്‌നം എന്ന പേരിലാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

ബാഴ്‌സലോണക്കും അര്‍ജന്റീനക്കുമായി പത്താം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചിട്ടുള്ള മെസി പി എസ് ജിയിലെത്തുമ്പോള്‍ ജേഴ്‌സി നമ്പര്‍ എത്രയായിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. ബാഴ്‌സക്കായി 17 സീസണുകളില്‍ കളിച്ച മെസ്സി പത്താം നമ്പര്‍ ജേഴ്‌സിയിലാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. എന്നാല്‍ പി എസ് ജിയില്‍ നിലവില്‍ പത്താം നമ്പര്‍ ജേഴ്‌സി നെയ്മര്‍ ജൂനിയറാണ് അണിയുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെല്ലാം ധരിച്ചിരുന്ന പത്താം നമ്പര്‍ ജേഴ്‌സി മെസ്സിക്ക് നല്‍കാന്‍ നെയ്മര്‍ തയാറായിരുന്നുവെന്നും എന്നാല്‍ മെസി അത് നിരസിച്ചുവെന്നുമാണ് സ്പാനിഷ് പത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മുപ്പതാം നമ്പറാണ് മെസിയുടെ പുതിയ കുപ്പായം എന്ന് ഉറപ്പായത്. ബാഴ്‌സയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയപ്പോള്‍ മെസിയുടെ ജേഴ്‌സി നമ്പര്‍ 30 ആയിരുന്നു. ആ സ്മരണയിലാണ് മെസി പി എസ് ജിയില്‍ 30 എന്ന സംഖ്യ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ലിയോണല്‍ മെസി ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മനില്‍ ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനള്‍ക്കായി പാരീസിലെത്തിയത്. പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാന്‍ വന്‍ ആരാധകസംഘമാണ് പുറത്തു തടിച്ചു കൂടിയത്. വിമാനത്താവളത്തില്‍ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷര്‍ട്ട് ധരിച്ച് ആരാധകര്‍ക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു.

രണ്ടു വര്‍ഷത്തേക്കായിരിക്കും മെസിയുമായി പി എസ് ജിയുടെ കരാര്‍. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.

