

കോഴിക്കോട്: പൂര്‍ണമായും അഴിമതി രഹിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് കേരളത്തിലെ ഭരണ സംവിധാനമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.

ഇതിന്റെ ആദ്യ പടിയായിരുന്നു തദ്ദേശ സ്വയംഭരണ സേവനങ്ങള്‍ ഒരു വിരല്‍തുമ്പിലാക്കി കൊണ്ടുള്ള കെ സ്മാര്‍ട്ട് സംവിധാനം. ആദ്യം പല നിലക്കുള്ള എതിര്‍പ്പുകളുണ്ടായെങ്കിലും ഇപ്പോള്‍ എല്ലാവരും അതിനെ പിന്തുണക്കുന്ന അവസ്ഥയിലെത്തി.

കോഴിക്കോടിന്റെ ഐ ടി സാധ്യതകള്‍ നമ്മള്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ നാം ഏറെ പിന്നിലാണെന്നത് തിരിച്ചറിഞ്ഞ് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
ഇതു പോലെ മാലിന്യമെന്നത് സംസ്‌കരണത്തിലൂടെ തങ്ങളുടെ സംസ്ഥാനത്തിന് സാമ്പത്തിക മുതല്‍ക്കൂട്ടാക്കി മാറ്റുന്ന ഗുജറാത്തിന്റെ മാതൃകയാണ് നമ്മുടെ സംസ്ഥാനത്തുമുണ്ടാകേണ്ടതെന്നും ഈ മേഖലയില്‍ മറ്റ് അയല്‍ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മാര്‍ഗ ദര്‍ശനമായി മാറണമെന്നും അവര്‍ പറഞ്ഞു.
ഭൂമി ശാസ്ത്രപരമായും മറ്റെല്ലാ നിലക്കും ഏറെ സാധ്യതകളുള്ള നഗരമാണ് കോഴിക്കോടെങ്കിലും അത് വേണ്ടത്ര ഇതുവരെ ഉപയോഗപ്പെടുത്തപ്പെട്ടിട്ടില്ലെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മലബാര്‍ ചേംബര്‍ പോലുള്ളവര്‍ നേതൃത്വം നല്‍കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.
മുന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു,
മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത്, സെക്രട്ടറി പോള്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എം എ മെഹ്ബൂബ് അധ്യക്ഷത വഹിച്ചു.
മലബാര്‍ ചേംബര്‍ മുന്‍ പ്രസിഡന്റ് പി കെ അഹമ്മദ്,
കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ അലോക് കുമാര്‍ സാബു, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എഞ്ചിനീയര്‍ ആനന്ദ് മണി, കാലിക്കറ്റ് സെന്‍ട്രല്‍ റോട്ടറി പ്രസിഡന്റ് അഡ്വ. ദിനേശ് വാര്യര്‍, കാലിക്കറ്റ് ഇനീഷ്യേറ്റീവ്‌സ്
ഫോര്‍ ഇന്നോവേഷന്‍ ടെക്‌നോളജി ജനറല്‍ സെക്രട്ടറി അനില്‍ ബാലന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
സെക്രട്ടറി കെ അരുണ്‍കുമാര്‍ സ്വാഗതവും ജോ. സെക്രട്ടറി മാനുവല്‍ ഉതുപ്പ് നന്ദിയും പറഞ്ഞു.
മലബാറിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നിര്‍ദേശങ്ങളടങ്ങിയ നിവേദനം ചീഫ് സെക്രട്ടറിക്ക് ചേംബര്‍ പ്രസിഡന്റ് നല്കി.
ചടങ്ങില്‍ വെച്ച് 2024- 2026 വര്‍ഷത്തെ മലബാര്‍ ചേംബര്‍ ഭാരവാഹികളും ബോര്‍ഡ് ഓഫ് ഡയറക്ടഴ്‌സിന്റെയും സ്ഥാനാരോഹണ ചടങ്ങും നടന്നു.

