

ദോഹ: മുപ്പത്തിയൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തക മേളയില്‍ കുട്ടികളുടെ സാന്നിധ്യവും അനുവദിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പത് വരെയാണ് കുട്ടികളെ അനുവദിച്ചത്.

ഭാവിയിലെ മികച്ച പൗരന്മാരെ പുസ്തക മേളയിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് അറിയിച്ച് സാംസ്‌ക്കാരിക മന്ത്രി ശൈഖ് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി കുട്ടികള്‍ പുസ്തകങ്ങളുമായുള്ള നിരവധി ഫോട്ടോകള്‍ പങ്കുവെച്ചു.

രക്ഷിതാക്കളോടൊപ്പമോ സ്‌കൂളുകളില്‍ നിന്ന് സംഘമായോ എത്തുന്ന കുട്ടികളെ മാത്രമേ പുസ്തക മേള സന്ദര്‍ശിക്കാന്‍ അനുവദിക്കുകയുള്ളു. പരമാവധി അനുവദനീയമായ ആളുകളുടെ എണ്ണത്തിന്റെ 15 ശതമാനമാണ് കുട്ടികള്‍ക്ക് അനുമതി നല്കിയത്. രണ്ടായിരം പേര്‍ക്ക് ഒരേ സമയത്ത് പുസ്തക മേള സന്ദര്‍ശിക്കാനാണ് അനുമതിയുള്ളത്. ആളുകളുടെ എണ്ണം തികഞ്ഞാല്‍ താത്ക്കാലികമായി വാതിലുകള്‍ അടച്ചിടും.
കുട്ടികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കിയതായി മന്ത്രാലയം അറിയിച്ചിരുന്നു.

