

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി 2023-24 വാര്‍ഷിക പദ്ധതിയില്‍ വനിതാ സാംസ്‌കാരിക ഉത്സവം മിഴികള്‍ 2024 നടത്തി. കുന്നത്തേരി കെ എം എച്ച് ഹാളില്‍ നടന്ന സാംസ്‌കാരിക ഉല്‍സവം സിനിമാ താരം അദിതി രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ലോഗോ പ്രകാശനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, ബ്ലോക്ക് മെമ്പര്‍ സതി ഗോപി, കെ ദിലീഷ്, രമണന്‍ ചേലാക്കുന്ന്, പഞ്ചായത്ത് സെക്രട്ടറി പി കെ മഹേഷ് കുമാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷെഫീന പി എം, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് അങ്കണവാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ കലാപരിപാടികള്‍ നടന്നു. കലോത്സവത്തിനു മുന്നോടിയായി കമ്പനിപ്പടി മുതല്‍ ഗ്യാരേജ് വരെ നടത്തിയ വനിതകളുടെ വിളംബര റാലി പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു.
സ്ത്രീകളുടെ ഉന്നമനത്തിനും കലാപരമായ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും പഞ്ചായത്തുകള്‍ നടത്തുന്ന ഇത്തരത്തിലുള്ള പരിപാടികള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. സിനിമയില്‍ വന്നതോടെ സ്ത്രീ എന്ന നിലയില്‍ സ്വയം തൊഴില്‍ ചെയ്തു വരുമാനം വാങ്ങുന്നതിലും ചെറിയ കാര്യങ്ങള്‍ അതു വഴി ചെയ്യാന്‍ സാധിക്കുന്നതിലും അഭിമാനമുണ്ട്. കുടുംബശ്രീ വഴി ഒട്ടനവധി വനിതകള്‍ സ്വയം തൊഴില്‍ ചെയ്യുന്നതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റും മെമ്പര്‍മാരും ആവുന്നതൊക്കെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമാണ്. ഇനിയും സ്ത്രീകള്‍ പല രംഗത്തും മുന്നിലേക്ക് വരണം, അതിനുള്ള കഴിവ് ആധുനിക കാലത്തെ സ്ത്രീകള്‍ക്കുണ്ട്. നമുക്കു കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിച്ച് കുടുംബത്തിനും സമൂഹത്തിനും മാതൃകയായി നമ്മള്‍ മാറണം. സ്ത്രീ മുന്നേറ്റം സമൂഹത്തിന് മാതൃകയായി മാറട്ടെ എന്നും വനിതാ സാംസ്‌കാരിക ഉല്‍സവം ഉദ്ഘാടനം ചെയ്തു കൊണ്ടു അദിതി രവി പറഞ്ഞു.

