

വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ അല്‍ജസീറയുടെ മുതിര്‍ന്ന റിപ്പോര്‍ട്ടറെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് 51കാരി ഷിറീന്‍ അബു അഖ്‌ലെ വെടിയേറ്റ് മരിച്ചത്. ഷിരീന്റെ മുഖത്താണ് വെടിയേറ്റത്.

ജറുസലേം ആസ്ഥാനമായ അല്‍ ഖുദ്‌സ് പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഫലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ അലി അല്‍ സമൂദിക്കു നേരെയും ഇസ്രായേല്‍ വെടിവെച്ചു. സമൂദിക്ക് പിറകിലാണ് വെടിയേറ്റതെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഷിറീന്‍ അബു അഖ്‌ലെയ്ക്ക് വെടിയേറ്റ വീഡിയോ ഫൂട്ടേജില്‍ പ്രസ് എന്ന് വ്യക്തമായി അടയാളപ്പെടുത്തിയ നീല ഫ്‌ലാക്ക് ജാക്കറ്റ് അവര്‍ ധരിച്ചിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അല്‍ ജസീറ അറബിക്കിന്റെ പ്രശസ്തയായ റിപ്പോര്‍ട്ടറാണ് ഷിറീന്‍.
എന്നാല്‍ ഫലസ്തീന്‍ തോക്കുധാരികള്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതിലുള്ള സാധ്യത പരിശോധിക്കുകയാണെന്നാണ് സംഭവത്തെ കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചത്. ജെനിനില്‍ തങ്ങളുടെ സൈന്യം കടുത്ത വെടിവെയ്പ് നടത്തിയതായും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായും ഇസ്രായേല്‍ സൈന്യം പറയുന്നു. ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും തിരിച്ചടിയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ജെനിനില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ റെയ്ഡാണ് നടത്തുന്നത്. ജെനിന്‍ അഭയാര്‍ഥി ക്യാമ്പ് തീവ്രവാദി ക്യാമ്പാണെന്ന് ആരോപിച്ചാണ് റെയ്ഡിന്റെ മറവില്‍ ആക്രമണം നടത്തുന്നത്.
1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തലാണ് ഇസ്രായേല്‍ വെസ്‌ററ് ബാങ്ക് പിടിച്ചെടുത്തത്. തങ്ങളുടെ ഭാവി രാജ്യത്തിന്റെ പ്രധാന ഭാഗമാക്കാന്‍ ഫലസ്തീനികള്‍ ആഗ്രഹിക്കുന്ന ഈ പ്രദേശത്ത് മൂന്ന് ലക്ഷത്തിലധികം ഫലസ്തീനികളാണ് താമസിക്കുന്നത്. അഞ്ച് ലക്ഷത്തോളം ജൂത കുടിയേറ്റക്കാര്‍ താമസിക്കുന്ന ഇവിടെ വെസ്റ്റ് ബാങ്കിന് കുറുകെ 130ലേറെ സെറ്റില്‍മെന്റുകളാണ് ഇസ്രായേല്‍ നിര്‍മിച്ചിരിക്കുന്നത്.

