

തിരുവനന്തപുരം: മലയാളത്തില്‍ നിരവധി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ഗാന്ധിമതി ഫിലിംസിന്റെ ബാനറില്‍ പഞ്ചവടിപ്പാലം, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങളാണ് ബാലന്‍ നിര്‍മിച്ചത്. 1990ല്‍ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാന്‍ കാലത്താണ് ഏറ്റവും ഒടുവില്‍ നിര്‍മിച്ച ചിത്രം.

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ ബാലന്‍ നിരവധി താരനിശകളും സംഘടിപ്പിച്ചിട്ടുണ്ട്.
ഇവന്റ്‌സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ കൂടിയായ ബാലന്‍ ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. 2015 നാഷണല്‍ ഗെയിംസ് ചീഫ് ഓര്‍ഗനൈസറായും സേവനമനുഷ്ഠിച്ചു.
ഭാര്യ: അനിത ബാലന്‍. മക്കള്‍: സൗമ്യ ബാലന്‍ (ഫൗണ്ടര്‍ ഡയറക്ടര്‍, ആലിബൈ സൈബര്‍ ഫൊറന്‍സിക്‌സ്), അനന്ത പത്മനാഭന്‍ (മാനേജിങ് പാര്‍ട്ണര്‍, മെഡ്‌റൈസ്, ഡയറക്ടര്‍- ലോക മെഡി സിറ്റി). മുരമക്കള്‍: കെ എം ശ്യാം (ആലിബൈ സൈബര്‍ ഫൊറന്‍സിക്‌സ് ഡയറക്ടര്‍, ഗാന്ധിമതി ട്രേഡിങ് ആന്‍ഡ് എക്‌സ്‌പോര്‍ട്‌സ് ഡയറക്ടര്‍), അല്‍ക്ക നാരായണന്‍ (ഗ്രാഫിക് ഡിസൈനര്‍).

