

ദോഹ: സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും മാനവികതയുടെയും ത്യാഗസമര്‍പ്പണത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവെച്ച് തനിമ തുമാമ സോണ്‍ ‘ഈദിമം’ എന്ന തലക്കെട്ടില്‍ ബലിപെരുന്നാള്‍ സംഗമം സംഘടിപ്പിച്ചു. വേദനയുടെ കടലാഴങ്ങളില്‍ അതിജീവിക്കുന്ന ഗസ്സാവികളെ സംഗമം അനുസ്മരിച്ചു.

തുമാമ ഓഫീസില്‍ ഒരുക്കിയ സംഗമത്തില്‍ സി ഐ സി തുമാമ സോണ്‍ പ്രസിഡന്റ് മുഷ്താഖ് ഹുസ്സൈന്‍ ബലിപെരുന്നാള്‍ സന്ദേശം കൈമാറി.

കലാമല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വളണ്ടിയര്‍ സേവനം അനുഷ്ഠിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറിയ സംഗമത്തില്‍ അസ്ലം സ്വാഗത ഭാഷണവും നബീല്‍ പുത്തൂര്‍ സമാപനവും നിര്‍വ്വഹിച്ചു. അന്‍വര്‍ ഷമീം, ലുഖ്മാന്‍, അബ്ദുല്‍ ഗഫൂര്‍, ഷിയാസ്, ശുക്കൂര്‍, ഹാഷിം, സലീം, ആദില്‍, സഹ്‌ല, ജസീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) റയ്യാന്‍ സോണ്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് റയ്യാനീദ് എന്ന തലക്കെട്ടില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഈദ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ മലര്‍വാടി കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരവും സി ഐ സി അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേരി. സോണല്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപൂരം ഈദ് സന്ദേശം കൈമാറി. സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം എം സ്വാഗതം പറഞ്ഞു.

