സഹിഷ്ണുതയും പരസ്പര സഹവര്‍ത്തിത്വവും ആഹ്വാനം ചെയ്ത് ദോഹ റമദാന്‍ മീറ്റ്

Web Desk
2 Min Read

ദോഹ: സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വിളംബരമോതി പന്ത്രണ്ടാമത് ദോഹ റമദാന്‍ മീറ്റിന് ഉജ്വല പരിസമാപ്തി. പരസ്പര ബഹുമാനവും സഹിഷ്ണുതയും പ്രചരിപ്പിച്ച് മാനവികതക്ക് വേണ്ടി നിലകൊള്ളണമെന്നും വിദ്വേഷ പ്രചാരണങ്ങളെയും വെറുപ്പിനെയും ഒരുമിച്ച് ചെറുത്ത് തോല്‍പ്പിക്കണമെന്നും ദോഹ റമദാന്‍ മീറ്റ് ആഹ്വാനം ചെയ്തു.

city exchange

ഖത്തര്‍ സ്പോര്‍ട്സ് ക്ലബില്‍ ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച ദോഹ റമദാന്‍ മീറ്റ് ഡി ഐ സി ഐ ഡി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാന്‍ പ്രൊഫ. ഇബ്രാഹിം സാലിഹ് അല്‍ നഈമി ഉദ്ഘാടനം ചെയ്തു.

സംസ്‌കാരത്തിലും നാഗരികതയിലും ദേശ, ഭാഷകളിലും വ്യത്യാസമുണ്ടെങ്കിലും നമുക്കിടയില്‍ ഐക്യദാര്‍ഢ്യം, സഹകരണം, സ്നേഹം, സാഹോദര്യം, പരസ്പര ധാരണ തുടങ്ങിയ ഉന്നത മൂല്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള വലിയ അവസരങ്ങളാണ് ഇത്തരം ഇഫ്താര്‍ സംഗമങ്ങളെന്ന് പ്രൊഫ. ഇബ്രാഹിം സാലിഹ് അല്‍ നഈമി പറഞ്ഞു.

മത, ദേശ, ഭാഷാ വൈവിധ്യങ്ങള്‍ക്കിടയില്‍ പരസ്പര സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ആത്മാവ് പ്രത്യക്ഷപ്പെടുന്ന ഇടമാണിതെന്നും തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും ഇന്ത്യന്‍ സമൂഹത്തിനായുള്ള ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുന്ന യൂത്ത് ഫോറം ഖത്തറിന് എല്ലാ ആശംസകളും നേരുന്നുവെന്നും പ്രൊഫ. അല്‍ നുഐമി കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ആശയങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള എല്ലാവരുടെയും ആഗ്രഹം കൂടിയാണ് ഇത്തരം കൂടിച്ചേരലുകളിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അസമത്വവും അസഹിഷ്ണുതയും കൊടികുത്തി വാഴുന്ന സമകാലിക ലോകത്ത് അതിനെയെല്ലാം തകര്‍ത്ത് പരസ്പര സഹവര്‍ത്തിത്വവും സഹിഷ്ണുതയും പ്രചരിപ്പിക്കാന്‍ നാം മുന്നോട്ട് വരണമെന്ന് ദോഹ റമദാന്‍ മീറ്റിന് ആശംസകളര്‍പ്പിച്ച് വര്‍ക്കല ശിവഗിരി മഠം ഗുരു ധര്‍മ പ്രചാരണ സഭ സെക്രട്ടറി ശ്രീമത് അസംഗാനന്ദ ഗിരി സ്വാമികള്‍ പറഞ്ഞു. മതങ്ങളെയും രാജ്യങ്ങളെയും കീഴ്പ്പെടുത്താന്‍ മത്സരിക്കുന്ന കാലത്ത് അകല്‍ച്ചകളും വൈവിധ്യങ്ങളും നിലനിര്‍ത്തിത്തന്നെ നാം ഒരുമിച്ച് ഇത്തരം പ്രവണതകള്‍ക്കെതിരെ മുന്‍നിരയിലുണ്ടാകണമെന്നും അസംഗാനന്ദ ഗിരി സ്വാമികള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും ഒരുപോലെ കാണാന്‍ ആഹ്വാനം ചെയ്ത ശ്രീ നാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്ക് ഈ കാലത്ത് പ്രാധാന്യമേറെയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

മതങ്ങള്‍ തമ്മിലുള്ള, മനുഷ്യര്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്ന കാലത്ത് ഇവിടെ എല്ലാ അകല്‍ച്ചകളും മറന്ന് ഒരുമിച്ചിരിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്നും റമദാന്‍ നല്‍കുന്ന സന്ദേശവും ഐക്യദാര്‍ഢ്യവും സഹിഷ്ണുതയും സഹവര്‍ത്തിത്വത്തവുമാണെന്നും ദോഹ റമദാന്‍ മീറ്റിനെ അഭിസംബോധന ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള സംസ്ഥാന പ്രസിഡന്റ് തൗഫീഖ് കെ പി പറഞ്ഞു. ആരാധകനകളും ആചാരങ്ങളും ആഘോഷങ്ങളും വിഭാഗീയതയിലേക്കും വര്‍ഗീയതയിലേക്കും മാറുന്ന സാഹചര്യത്തില്‍ പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്ന സ്നേഹവും സൗഹാര്‍ദ്ദവയും പ്രചരിപ്പിക്കുന്ന ഇത്തരം സദസ്സുകള്‍ ഉയര്‍ന്നുവരണമെന്നും മനുഷ്യനെ മനുഷ്യനായി കാണാനുള്ള സന്ദേശമാണ് റമദാന്‍ നമുക്ക് നല്‍കുന്നതെന്നും മര്‍ദ്ദിതനും അടിച്ചമര്‍ത്തപ്പെടുന്നവനും അരികുവല്‍ക്കരിക്കപ്പെട്ടവനും തുണയാകണമെന്നും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകരെ അകറ്റിനിര്‍ത്തണമെന്നും അദ്ദേഹം അദ്ദേഹം ആഹ്വാനം ചെയ്തു.

ഖത്തര്‍ ചാരിറ്റി പ്രതിനിധി മുഹമ്മദ് അല്‍ ഗാമിദി ദോഹ റമദാന്‍ മീറ്റിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ഫോറം വൈസ് പ്രസിഡന്റും കേന്ദ്ര നിര്‍വാഹക സമിതിയംഗവുമായ ആരിഫ് അഹ്മദ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഹബീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!