
ദോഹ: അറബ് ബാങ്ക്സ് യൂണിയന്റെ 2026ലെ ‘ലീഡര്‍ഷിപ്പ് വിഷനറി അവാര്‍ഡ് ഓഫ് ദ ഇയര്‍’ ഖത്തര്‍ ധനകാര്യ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരിക്ക് സമ്മാനിക്കും.

ധനകാര്യ നയങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സംവിധാനത്തിന്റെ കാര്യക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനും അദ്ദേഹം നല്കിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്ന് ഖത്തര്‍ ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് പിന്തുണ നല്കുന്നതില് ഖത്തറിന്റെ വര്‍ധിച്ചുവരുന്ന പങ്കും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മുന്നേറ്റവും അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ കൂടുതല്‍ ശക്തിപ്പെട്ടതായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തിക- ബാങ്കിങ് മേഖലകളില്‍ ഗണ്യവും സ്വാധീനവുമായ സംഭാവനകള്‍ നല്കിയ വ്യക്തികളില്‍ നിന്നാണ് ഈ പുരസ്കാര ജേതാവിനെ സാധാരണയായി തിരഞ്ഞെടുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

