

കോഴിക്കോട്: മാതൃഭൂമി സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി ടി ബേബിയുടെ നിര്യാണത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബ് അനുശോചിച്ചു.

പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും അസാമാന്യമായ പ്രതിഭാവിലാസം പ്രകടിപ്പിച്ചയാളായിരുന്നു പി ടി ബേബിയെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച മാതൃഭൂമി സീനിയര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വി രവീന്ദ്രനാഥ് അനുസ്മരിച്ചു. വ്യക്തി ജീവിതത്തിലെ വേദനകള്‍ അദ്ദേഹം കായിക പത്രപ്രവര്‍ത്തനത്തിലൂടെയും മനോഹരമായ പത്രരൂപകല്പനയിലൂടെയും മറക്കാന്‍ ശ്രമിച്ചു. ബേബിയുടെ അകാലനിര്യാണം മാതൃഭൂമിക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി എസ് രാകേഷ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി പി ശശീന്ദ്രന്‍, മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍മാരായ എന്‍ പി രാജേന്ദ്രന്‍, സി പി വിജയകൃഷ്ണന്‍, ടി സുരേഷ് ബാബു, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ സജീവന്‍, മുന്‍ സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്റര്‍ പി കെ രവീന്ദ്രന്‍, കെ യു ഡബ്ല്യു ജെ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ദീപക് ധര്‍മ്മടം, കെ സുരേഷ്, പി വി നജീബ് എന്നിവര്‍ സംസാരിച്ചു.
രജി ആര്‍ നായര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

