

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ അതിദാരിദ്ര്യം സര്‍വ്വേയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്തിലെ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. 24 പേരാണ് മാനദണ്ഡങ്ങള്‍ പ്രകാരം അതിദാരിദ്ര്യ ലിസ്റ്റില്‍ പഞ്ചായത്തില്‍ ഉള്ളത്. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കി.

അതിദാരിദ്ര്യം ലിസ്റ്റില്‍ ഉള്ളവര്‍ക്കു മരുന്നും ഭക്ഷണവും വാര്‍ഷിക പദ്ധതിയില്‍ തുക വെച്ചു സൗജന്യമായി നല്‍കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ചൂര്‍ണ്ണിക്കര പഞ്ചായത്ത് ഹെല്‍ത്ത് സെന്ററില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് മുഖ്യപ്രഭാഷണം നടത്തി.

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റൂബി ജിജി, അംഗം പി എസ് യൂസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്നത്ത്, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനു, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ലീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില ജോര്‍ജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷെരീഫ്, ഷീജ മോള്‍ എന്നിവര്‍ പ്രസംഗിച്ചു.

