

പെരുമ്പിലാവ്: മുസ്‌ലിം സ്ത്രീകളുടെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന വിദ്വേഷ രാഷ്ട്രീയക്കളിയില്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ വീണു പോകരുതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം.എന്‍ സ്വാദിഖ് സഖാഫി പെരിന്താറ്റിരി ആവശ്യപ്പെട്ടു. പെരുമ്പിലാവ് നസീക്കോ പാലസില്‍ നടന്ന യൂത്ത് കൗണ്‍സിലില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ കാലങ്ങളായി നേരിടുന്ന അരക്ഷിതാവസ്ഥക്കും വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കും അടിയന്തര പരിഹാരം കാണുകയാണ് ഇപ്പോള്‍ അനിവാര്യമായിട്ടുള്ളത്. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ചില പ്രത്യേക മതവിഭാഗത്തിലെ വ്യക്തികള്‍ക്ക് മാത്രം നിഷേധിക്കപ്പെടുന്ന സാഹചര്യം ജനാധിപത്യത്തിന് വലിയ കോട്ടം വരുത്തുമെന്നും ഭരണകൂടവും ജുഡീഷ്യറിയും ഇതിന്റെ ഭവിഷ്യത്ത് മുന്‍കൂട്ടി തിരിച്ചറിയണമെന്നും കൗണ്‍സിലില്‍ അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി യു അലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. എന്‍ വി അബ്ദുല്‍ റസാഖ് അസ്ഹരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ല ഉപാധ്യക്ഷന്‍ അബ്ദുല്ല അന്‍വരി ചെറുതുരുത്തി പ്രാര്‍ഥന നിര്‍വ്വഹിച്ചു.
നമ്മുടെ ആദര്‍ശവും വ്യക്തിജീവിതവും ഒത്തുപോകുന്ന വിധം എന്ന സെഷന് സമസ്ത ജനറല്‍ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവന നേതൃത്വം നല്‍കി. പി കെ ബാവ ദാരിമി, നൗഷാദ് മൂന്നുപീടിക, സയ്യിദ് തഖ്യുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത്, ഹുസൈന്‍ ഫാളിലി കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഷമീര്‍ എറിയാട് സ്വാഗതവും പി എ അബ്ദുല്‍ വഹാബ് സഅദി നന്ദിയും പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം പരിശീലനം നേടിയ ആയിരത്തോളം പ്രവര്‍ത്തകര്‍ പെരുമ്പിലാവില്‍ നടന്ന ജില്ലാ ടീം ഒലീവ് റാലിയില്‍ അണിനിരന്നു. കെ എ മാഹീന്‍ സുഹരി, കെ എസ് മൊയ്തീന്‍ കുട്ടി സഖാഫി, ശരീഫ് പാലപ്പിള്ളി, ബഷീര്‍ അശ്‌റഫി ചേര്‍പ്പ്, ശരീഫ് കൊച്ചന്നൂര്‍, അബ്ദുല്‍ അസീസ് നിസാമി വരവൂര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

