

ചെന്നൈ: തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് ‘ബ്ലൂ സട്ടൈ’ എന്നറിയപ്പെടുന്ന സിനിമാ നിരൂപകന്‍ ബ്ലൂഷര്‍ട്ട്.സി ഇളമാരന്‍. ഏതാണ്ട് പതിമൂന്നര ലക്ഷത്തില്‍പരം സബ്‌സ്‌ക്രൈബര്‍മാരുള്ള ബ്ലൂ സട്ടൈയുടെ ‘തമിഴ് ടാക്കീസ്’ യു ട്യൂബ് ചാനലില്‍ ഓരോ സിനിമയുടേയും വിമര്‍ശനങ്ങള്‍ക്കുളള കാഴ്ചക്കാര്‍ അതിനേക്കളുപരി.

മുഖം നോക്കാതെ, ആരെയും കൂസാതെയുള്ള ഇയാളുടെ വിമര്‍ശനങ്ങള്‍ക്കെതിരെ തമിഴ് സിനിമാ ലോകം ഒന്നടങ്കം മാരനെതിരെ പ്രതിഷേധിക്കയും പ്രതികരിക്കയും ചെയ്തിട്ടുണ്ട്. എങ്കിലും മാരന്‍ തന്റെ നയം മാറ്റിയിട്ടില്ല. പല സംവിധായകരോടും വലുപ്പ ചെറുപ്പം നോക്കാതെ, അവരുടെ സിനിമകളുടെ നൂലിഴ കീറി മുറിച്ച് വിമര്‍ശിച്ച് ‘നിങ്ങള്‍ക്കൊക്കെ വേറെ വല്ല പണിക്കും പോകരുതോ?’ എന്ന് പോലും പറയാന്‍ മടി കാണിച്ചിട്ടില്ലാത്ത ആളാണ് ബ്ലൂ സട്ടൈ മാരന്‍. അതേസമയം നല്ല സിനിമകളെ പ്രശംസിക്കാന്‍ തെല്ലും മടിക്കാറുമില്ല. ആ മാരനെ ഒരിക്കല്‍ സിനിമാ ലോകം വെല്ലു വിളിച്ചു. ‘എങ്കില്‍ നീ ഒരു സിനിമ എടുത്ത് കാണിക്ക്’ എന്ന്. ബ്ലൂ സട്ടൈ ആ വെല്ലുവിളി സ്വീകരിച്ചു. അതിന്റെ ഫലമായി ജന്മം കൊണ്ട സിനിമിയാണ് മാരന്റെ ‘ആന്റി ഇന്‍ഡ്യന്‍’.
ബ്ലൂ സട്ടൈ മാരന്‍ സംവിധാനം ചെയ്ത് അഭിനയിക്കുന്ന, കാലിക രാഷ്ട്രീയത്തെയും സിനിമയേയും ഒരു പോലെ ആക്ഷേപിക്കുന്ന ‘ആന്റി ഇന്‍ഡ്യന്‍’ തുടക്കം മുതലേ വിവാദങ്ങളുടെ കയത്തിലാണ്. സെന്‍സറിന്റെ കടമ്പ കടന്ന് ഡിസംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ പരസ്യം തന്നെ സെന്‍സേഷനായിരുന്നു. മാരന്റെ ചിത്രം വെച്ച് ‘ആദരാഞ്ജലി’ എന്ന തലക്കെട്ടോടെയാണ് ആദ്യ പോസ്റ്റര്‍ തന്നെ പുറത്തു വിട്ടത്. അതു തന്നെ പ്രേക്ഷകരില്‍ ആകാംഷ സൃഷ്ടിച്ചു. അതിനു ശേഷം പുറത്തിറക്കിയ ടീസറും ട്രെയിലറും പോസ്റ്ററുകളും ആകാംക്ഷയെ ഇരട്ടിപ്പിച്ചു. കൊല ചെയ്യപ്പെട്ട ഒരു മൃതശരീരത്തിന് അവകാശം ഉന്നയിച്ച് കൊണ്ട് മത- രാഷ്ട്രീയ സംഘടനകള്‍ നടത്തുന്ന വടം വലിയുടെ പശ്ചാത്തലത്തിലൂടെയാണ് ബ്ലൂ സട്ടൈ മാരന്‍ ‘ആന്റി ഇന്‍ഡ്യന്‍’ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. മൃതദേഹം തന്നെ കഥാപാത്രമാകുന്ന സിനിമ.സൂപ്പര്‍ താരം മുതല്‍ ദേശീയ- പ്രാദേശിക രാഷ്ട്രീയത്തെ വരെ നിശിതമായി വിമര്‍ശിച്ച് കൊണ്ടുള്ള സറ്റയറാണ് ചിത്രം എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. മാരന്‍ തന്നെയാണു ചിത്രത്തിലെ ബാഷാ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രാധാ രവി, ആടുകളം നരേന്‍, സുരേഷ് ചക്രവര്‍ത്തി, ‘വഴക്ക് എണ്‍’ മുത്തു രാമന്‍ എന്നിവരാണ് മറ്റു വിവാദ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂണ്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ ആദം ബാവയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

