

കോഴിക്കോട്: പിണറായി ഭരിക്കുന്ന കേരളത്തില്‍ ഗാന്ധി പ്രതിമക്കുപോലും രക്ഷയില്ലാതായെന്ന് കെ മുരളീധരന്‍ എം പി. കെ പി സി സി ആസ്ഥാന മന്ദിരത്തിന് നേരെ സി പി എം നടത്തിയ ആക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി ഡി സി സിയുടെ നേതൃത്വത്തില്‍ കിഡ്സണ്‍ കോര്‍ണറില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധി പ്രതിമയുടെ തലവെട്ടിയ സി പി എമ്മുകാര്‍ ആര്‍ എസ് എസിന് തുല്യരാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചാല്‍ അടിച്ചൊതുക്കാനാണ് സി പി എമ്മുകാരുടേയും പൊലീസിന്റേയും തീരുമാനമെങ്കില്‍ അടിക്കുന്നവന്റെ കരണക്കുറ്റി പൊളിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു. ഇടത്തേ കവിളിലടിച്ചാല്‍ വലത്തേ കവിള്‍ കാണിച്ച് കൊടുക്കാനാണ് ഗാന്ധിജിയുടെ ആഹ്വാനം. വലത്തേ കവിളിലടക്കുന്നവനെ എന്ത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ ഇനി വലത്തേക്കവിളിലടിക്കുന്നവന്‍ ആരായാലും അവന്റെ കരണക്കുറ്റി പൊളിക്കും. അതിന് കരുത്തുള്ള കോണ്‍ഗ്രസുകാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കരിങ്കൊടി കാണിക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ന്യായീകരിക്കാം. പക്ഷെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ സി പി എമ്മുകാരും ഡി വൈ എഫ് ഐക്കാരും അക്രമിക്കുന്നതിന് എന്ത് ന്യായീകരണമാണ് പറയാനുള്ളത്. സ്വര്‍ണകള്ളക്കെടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളില്‍ പ്രതിഷേധം മാത്രമാണ് പര്‍ട്ടി നടത്തുന്നത്. പക്ഷെ പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കാന്‍ പൊലീസും സി പി എമ്മുകാരും ഒന്നിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ദിരാഭവന്‍ അക്രമിക്കുമ്പോള്‍ എ കെ ജി ഭവനു മുമ്പിലാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. എ കെ ആന്റണിയുടെ കാര്‍ അക്രമിക്കുമ്പോള്‍ സ്ഥലം സി പി എം എം എല്‍ എക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
ഇതെന്ത് നീതിയാണെന്നും മുരളീധരന്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധിയെ ഒമ്പതുമണിക്കൂര്‍ ചോദ്യം ചെയ്യുന്ന ഇ ഡിക്ക് എന്തിനാണ് പിണറായിയെ ഭയം. ചോദ്യം ചെയ്യുകയും സത്യം വെളിച്ചത്ത് കൊണ്ടുവരികയും ചെയ്യേണ്ടവര്‍ പിണറായിക്ക് മുമ്പില്‍ മുട്ടുകുത്തുന്നത് ബി ജെ പി- സി പി എം ഭായ് ഭായ് ബന്ധത്തിന്റെ പേരിലാണ്. പിണറായി വിജയന്‍ ദീര്‍ഘ ദൃഷ്ടിയുള്ള മുഖ്യമന്ത്രിയാണ്. അതുകൊണ്ട് ഈ പ്രതിഷേധങ്ങള്‍ക്കിടയിലും കോടികള്‍ ചെലവഴിച്ചുള്ള പുതിയ ജയില്‍ ഉദ്ഘാടനം ചെയ്തത്. നാളെ ഉപകാരപ്പെടുമെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു.
ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കരിദിനാചരണത്തിന്റെ ഭാഗമായി ഡി സി സിയില്‍ നിന്നും കിഡ്സണ്‍ കോര്‍ണറിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
പ്രകടനം മിഠായി തെരുവിന് സമീപം എത്തിയതും ചില പ്രവര്‍ത്തകര്‍ റോഡരികില്‍ സ്ഥാപിച്ച സി പി എം കൊടികളും തോരണങ്ങളും വലിച്ചെറിയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടെയാക്കിയത്. തോരണങ്ങള്‍ വലിച്ച് താഴെയിടാന്‍ ശ്രമിച്ച വൈഷ്ണവ് എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു പൊലീസുകാരന്‍ ചാടി വീണ് തടയു
കയായിരുന്നു. തുടര്‍ന്ന് ഇത് തടയാന്‍ ശ്രമിച്ച ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് ഉന്തിമാറ്റാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ വൈഷ്ണവിനെ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി.

