

ദോഹ: അന്താരാഷ്ട്ര ബ്രാന്റുകളുടെ വ്യാജ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിച്ച 12 അക്കൗണ്ടുകള്‍ക്കെതിരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചു. വാണിജ്യ- വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക- സൈബര്‍ ക്രൈം പ്രതിരോധ വകുപ്പുമായി ഏകോപിപ്പിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ഇന്‍സ്റ്റാഗ്രാമിലെ 12 അക്കൗണ്ടുകള്‍ പിടികൂടിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട 2008ലെ നിയമം നമ്പര്‍ എട്ടിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ ആറിന്റെ ലംഘനമാണ് ഇത്തരം നടപടികളെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.

ബൗദ്ധിക സ്വത്തിനെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും നിയമപരമായ ഉത്തരവാദിത്വം ഒഴിവാക്കുന്നതിന് മറ്റുള്ളവരുടെ അവകാശങ്ങള്‍ ലംഘിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

