
കൊച്ചി: അഞ്ചു ദിവസമായി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന കൊച്ചി തിയേറ്റര്‍ ഫെസ്റ്റിവല്‍ ഒന്നാം പതിപ്പ് സമാപിച്ചു. സാമൂഹ്യ സംരംഭക സഹകരണ സംഘമായ ‘സമൂഹ്’, നാടക പ്രസ്ഥാനമായ ‘ലോകധര്‍മി’ എന്നിവര്‍ ചേര്‍ന്ന് ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ അഞ്ചു ദിവസമായി അഞ്ച് നാടകങ്ങള്‍ അരങ്ങേറുകയും നാല് വിശ്വോത്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും അഞ്ച് പ്രഭാഷണങ്ങളും അഞ്ച് നാടകപ്രതിഭകളെ ആദരിക്കുകയും ചെയ്തു.


സമാപനദിനത്തില്‍ ഡോ. ചന്ദ്രദാസന്‍ സംവിധാനം ചെയ്ത ഭാസന്റെ ‘സ്വപ്‌നവാസവദത്തം’ എന്ന നാടകത്തിന്റെ വീഡിയോ പ്രദര്‍ശനം, സംസ്‌കൃത നാടകങ്ങളും സമകാലീന നാടകവേദിയും എന്ന വിഷയത്തില്‍ ഡോ. കെ ജി പൗലോസിന്റെ പ്രഭാഷണം, കഴിഞ്ഞ ദിവസം അവതരിപ്പിച്ച നാടകമായ പൊറാട്ട് സംവിധായകന്‍ നിഖില്‍ദാസ് പുറനാട്ടുകര, ചാപ്പയുടെ സംവിധായകന്‍ എം എസ് ശിവകുമാര്‍, കെ ഗിരീഷ് എന്നിവര്‍ തമ്മിലുള്ള സംഭാഷണം എന്നിവ നടന്നു. പ്രശസ്ത നാടകകാരന്‍ ഡോ. കുമാര വര്‍മയെ ആദരിച്ചു.


സമാപന സമ്മേളനത്തില്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ അധ്യക്ഷനായി. അനന്തപത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ചന്ദ്രദാസന്‍ ഫെസ്റ്റിവല്‍ വിലയിരുത്തി. തുടര്‍ന്ന് നന്ത്യാട്ടുകുന്നം നാടക അരങ്ങ് ചാപ്പ എന്ന നാടകം അവതരിപ്പിച്ചു. എം എസ് ശിവകുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചാപ്പ കൊച്ചി തുറമുഖ തൊഴിലാളികളുടെ ചാപ്പ സമ്പ്രദായത്തിനെതിരെയുള്ള പോരാട്ടവും മട്ടാഞ്ചേരി വെടിവെപ്പിന്റെ പശ്ചാത്തലവുമാണ് അവതരിപ്പിച്ചത്.

