
കൊച്ചി: ഹൗസ് ഓഫ് അയിലില്‍ നിന്നുള്ള മലയാളി ഡേറ്റിംഗ് ആപ്പായ അരികെ 2050ല്‍ പ്രണയം എങ്ങനെയിരിക്കുമെന്ന് ദൃശ്യവല്‍ക്കരിക്കുന്ന പുതിയ ഡിജിറ്റല്‍ വിഡിയോ ക്യാമ്പെയ്ന്‍ അവതരിപ്പിച്ചു. ഹോളോഗ്രാമുകളും ഹൈപ്പര്‍-പെഴ്സണലൈസ്ഡ് എ ഐയും അല്‍ഗോരിതങ്ങള്‍ നിര്‍ണയിക്കുന്ന അനുയോജ്യതയും അരങ്ങു വാഴുന്ന 2050ല്‍ പക്ഷേ ബന്ധങ്ങളുടെ പ്രതിബദ്ധതയ്ക്ക് മാറ്റമുണ്ടാകില്ലെന്നാണ് ക്യാമ്പെയ്ന്‍ പ്രഖ്യാപിക്കുന്നത്.

എങ്ങനെയാണ് ബന്ധങ്ങള്‍ രൂപപ്പെടുന്നതെന്ന് 2050ലെ ഒരച്ഛനും മകളും ചര്‍ച്ച ചെയ്യുന്നതാണ് ഫിലിമില്‍ കാണിക്കുന്നത്. തമ്മില്‍ നേരിട്ടു കാണും മുമ്പ് പങ്കാളികള്‍ക്ക് പരസ്പരം ഏറെ അടുത്തറിയാന്‍ സാങ്കേതികവിദ്യകള്‍ സഹായിക്കുന്ന കാലത്തിരുന്നുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ അരികെയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്തിയ കാര്യമാണ് അച്ഛന്‍ പറയുന്നത്. ഫിലിം പിന്നീട് വ്യക്തിപരമായ നഷ്ടങ്ങളും ഓര്‍മകളും സൗഹൃദവുമെല്ലാം അഡ്വാന്‍സ്ഡ് എഐയുമായി കലരുന്ന വര്‍ത്തമാനകാലത്തെത്തുന്നു. അങ്ങനെ ആ ലളിതസത്യം വീണ്ടും ഉയര്‍ത്തിക്കാണിക്കപ്പെടുന്നു: സ്നേഹമെന്നത് ഏത് തലമുറയിലായാലും ദീര്‍ഘകാലത്തേയ്ക്കുള്ള കൂട്ടായി ഒരാളെ തെരഞ്ഞെടുക്കുന്നതു തന്നെയാണ്.

യഥാര്‍ഥ ജീവിതത്തില്‍ അച്ഛനും മകളുമായ നടന്‍ കൃഷ്ണകുമാറും മകള്‍ ഹന്‍സികയുമാണ് ഫിലിമിലും അച്ഛനും മകളുമായി അഭിനയിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഫിലിം കൈകാര്യം ചെയ്യുന്ന വിഷയത്തിന് സവിശേഷമായ ആധികാരികതയും വൈകാരിക ആഴവും നല്‍കാന്‍ ഇത് സഹായിക്കുന്നു.
ഡേറ്റിംഗ് പ്ലാറ്റ്ഫോമായി മാത്രമല്ല ആദ്യ സമാഗമം മുതല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധത്തിനും പലപ്പോഴും രണ്ടാം ചാന്‍സ് നോക്കുവാനുമുള്‍പ്പെടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലേയും കൂട്ടാളിയായാണ് അരികെയെ ഈ ക്യാമ്പെയ്നിലൂടെ പൊസിഷന്‍ ചെയ്തിരിക്കുന്നത്.
ചില കാര്യങ്ങളെല്ലാം മാറാതിരിക്കുമ്പോള്‍ത്തന്നെ അടുത്ത 25 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഡേറ്റിംഗിന് എന്തെല്ലാം പരിണാമങ്ങളുണ്ടാകുമെന്നും തങ്ങള്‍ ഈ ഫിലിമിലൂടെ സങ്കല്‍പ്പിക്കുന്നുണ്ടെന്ന് അയില്‍ നെറ്റ് വര്‍ക്ക് ഹെഡ് ചാന്ദ്നി പറഞ്ഞു. ‘അനുയോജ്യമായവരെ എളുപ്പം കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ നമ്മളെ സഹായിക്കും, സംഘര്‍ഷം ലഘൂകരിക്കാനും പരിചയം പുതുക്കാനും അത് സഹായിക്കും. എന്നാല്‍ പ്രണയം പൂര്‍ണമാകുന്നത് തെരഞ്ഞെടുപ്പും പ്രതിബദ്ധതയും കൂടിച്ചേരുമ്പോഴാണ്. ഈ യാഥാര്‍ഥ്യത്തെ അരികെ എന്നും ഉള്ളില്‍ സൂക്ഷിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
പരിചിതമായും ഭാവിയില്‍ നടക്കുന്നതുമായ കാര്യങ്ങളേ ഒരേ സമയം അവതരിപ്പിക്കുന്ന അരികെയുടെ പുതിയ ഫിലിം ഡേറ്റിംഗിന്റെ തുടര്‍ച്ചകളേയും പുതിയ സാധ്യതകളേയും സുസ്ഥിരമായ പ്രണയത്തേയും പ്രതിബദ്ധത കാട്ടാനുള്ള ധീരതയേയും പുതിയ വെളിച്ചത്തില്‍ കാണിച്ചു തരുന്നു.

