

ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന കര്‍മ്മങ്ങളില്‍ ഒന്നാണ് വര്താനുഷ്ഠാനം. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം നിമിത്തം വീടുകളില്‍ നിന്നായിരുന്നു പ്രാര്‍ഥനകള്‍ നിര്‍വ്വഹിച്ചതെങ്കിലും ഈ വര്‍ഷം ഏറെ ജാഗ്രത പലര്‍ത്തിക്കൊണ്ടായിരിക്കും സമൂഹ പ്രാര്‍ഥനയും മറ്റു കാര്യങ്ങളും നിര്‍വ്വഹിക്കുക.

ഈ പരിശുദ്ധ മാസത്തില്‍ മുസ്ലിംകള്‍ നിത്യ ജീവിതത്തില്‍ പതിവില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുകയും തെറ്റുകള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്നു. നോമ്പ് എന്നാല്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണവും പാനീയവും ലൈംഗിക ബന്ധവും ഉപേക്ഷിക്കലാണ്. വൈകാരിക നിയന്ത്രണം തന്നെയാണ് വൃതാനുഷ്ഠാനം. അത് സംവിധാനിച്ചത് പാരത്രിക ലക്ഷ്യം വെച്ചു തന്നെയാണ്.

പ്രവാചകന്‍ പറയുന്നു: ‘സ്വര്‍ഗത്തിന് റയ്യാന്‍ എന്ന ഒരു കവാടമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പു നാളില്‍ നോമ്പുകാരല്ലാതെ ആ കവാടത്തിലൂടെ പ്രവേശിക്കില്ല.’ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനായി വിശ്വാസികള്‍ കര്‍മ്മങ്ങള്‍ അധികരിപ്പിക്കുന്ന ഒരു മാസം കൂടിയാണിത്.
പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു കൊണ്ട് നോമ്പനുഷ്ഠിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ പാവപ്പെട്ടവര്‍ക്കും നിരാലംബലര്‍ക്കും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും കൂടുതല്‍ ജീവകാരുണ്യ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു മാസം കൂടിയാണ് റമദാന്‍. മാത്രമല്ല രാത്രി കാലങ്ങളില്‍ തറാവീഹ് നമസ്‌ക്കാരത്തിനായി ആബാലവൃദ്ധം ജനങ്ങള്‍ പള്ളികളില്‍ ഒത്തുചേരുന്നു.
30 ദിവസത്തെ നോമ്പ് കര്‍മ്മം അവസാനിച്ചാല്‍ മെയ് ആദ്യത്തെ ആഴ്ചയായിരിക്കും ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. എന്നാല്‍ നിലാവ് കാണുന്നതനുസരിച്ച് തിയ്യതികളില്‍ മാറ്റം ഉണ്ടായേക്കാം.
പ്രവാചകര്‍ മുഹമ്മദ് നബിക്ക് ആദ്യമായി വെളിപാടുണ്ടായ മാസവും കൂടിയാണ് റമദാന്‍. ഒരു ചന്ദ്രക്കല കണ്ടുതുടങ്ങുന്ന റമദാന്‍ അടുത്ത ചന്ദ്രക്കല കാണുന്നതുവരെ അവശേഷിക്കും. പ്രായപൂര്‍ത്തിയായ വിശ്വാസികള്‍ക്ക് റമദാന്‍ മാസത്തിലെ വ്രതം നിര്‍ബന്ധമാണ്. അതേസമയം രോഗികളും യാത്രക്കാരും ഗര്‍ഭിണികളും നോമ്പ് അനുഷ്ഠിക്കേണ്ടതില്ല.
പ്രവാചകര്‍ മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അവതരിച്ച ഈ പരിശുദ്ധ മാസത്തെ ഓര്‍മ്മിക്കാന്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് വ്രതം അനുഷ്ഠിക്കുക. ഹിന്ദിയില്‍ റോസ എന്നാണ് നോമ്പിനെ വിളിക്കുന്നത്. സൂര്യനുദിക്കുന്നതിനു മുന്‍പ് വിശ്വാസികള്‍ ഭക്ഷണം കഴിക്കും. സുഹൂര്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വൈകിട്ട് നോമ്പ് അവസാനിപ്പിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന് ഇഫ്താര്‍ എന്നാണ് പറയുന്നത്.
ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതോടു കൂടിയാണ് റമദാന്‍ മാസത്തിന് അന്ത്യം കുറിക്കുക. വിശ്വാസികള്‍ കൊച്ചു കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും പുതു വസ്ത്രങ്ങള്‍ ധരിക്കുകയും മധുരമൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കുകയുമൊക്കെ പെരുന്നാളിന്റെ ഭാഗമാണ്. പെരുന്നാള്‍ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കലും വിശ്വാസികള്‍ പുണ്യമായി കാണുന്നു.
പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ദിന രാത്രങ്ങളിലേക്കാണ് ഓരോ വിശ്വാസിയും ഇറങ്ങുന്നത്. ഈ പൂക്കാലം അനുഭവിക്കാനും ആസ്വദിക്കാനും മനസ്സിനും ശരീരത്തിനും അത് ഊര്‍ജ്ജമായി മാറാനും പരിപൂര്‍ണ്ണ തൗബ ചെയ്ത് മനസ്സിനെ ശുദ്ധീകരിച്ചെടുക്കുകയാണ് വേണ്ടത്.

