

ശ്രവണ സഹായികളായും ശരീര താപനില അറിയാനുമൊക്കെ സാധിക്കുന്ന തരത്തില്‍ ആപ്പിള്‍ എയര്‍പോഡുകള്‍ മാറ്റിയെടുക്കാന്‍ പദ്ധതി. കേള്‍വി ശക്തി വര്‍ധിപ്പിക്കുക, ശരീര താപനില തിരിച്ചറിയുക തുടങ്ങി നിരവധി പദ്ധതികള്‍ക്ക് എയര്‍പോഡുകള്‍ ഉപയോഗപ്പെടുത്താമെന്ന തരത്തില്‍ ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രത്യേക ശ്രവണസഹായി സവിശേഷതകള്‍ വികസിപ്പിക്കുകയാണോ അല്ലെങ്കില്‍ ഇയര്‍ബഡുകളുടെ നിലവിലുള്ള അവസ്ഥയോടൊപ്പം ശ്രവണസഹായി ചേര്‍ക്കുകയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ആഗോള ബ്ലൂടൂത്ത് ഹെഡ്സെറ്റ് വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്ന ആപ്പിള്‍ എയര്‍പോഡുകളുടെ വില്‍പ്പനയില്‍ 2020ല്‍ മാത്രം 12.8 ബില്യന്‍ ഡോളറിന്റെ വരുമാനമാണ് ലഭ്യമായത്. ആപ്പിള്‍ വാച്ച് കൂടാതെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്ന കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ആപ്പിളിന്റെ താത്പര്യമാണ് പുതിയ പദ്ധതി. ആപ്പിള്‍ ഐ ഫോണുകള്‍ ഉപയോഗിച്ച് വിഷാദവും മാനസിക തകര്‍ച്ചയും തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

നിര്‍ദ്ദിഷ്ട എയര്‍പോഡ് അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങുമോ എന്ന കാര്യത്തിലും കൃത്യമായ വിവരങ്ങളൊന്നുമില്ല. ഇക്കാര്യം കമ്പനി വക്താക്കളാരും വിശദമാക്കിയിട്ടുമില്ല.
ചെവിക്കുള്ളില്‍ നിന്ന് ശരീരതാപനില തിരിച്ചറിയാനുള്ള പ്രോട്ടോടൈപ്പുകളുടെ വികസനം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിള്‍ വാച്ചിന്റെ അടുത്ത വര്‍ഷത്തെ പതിപ്പില്‍ ഉള്‍പ്പെടുത്തിയാക്കാവുന്ന റിസ്റ്റ് ടെമ്പറേച്ചര്‍ സെന്‍സര്‍ ഉള്‍പ്പെടെ പരീക്ഷിക്കുന്നുണ്ട്.
ജോണ്‍സ് ഹോപ്കിന്‍സിലെ കോക്ലിയര്‍ സെന്റര്‍ ഫോര്‍ ഹിയറിംഗ് ആന്റ് പബ്ലിക്ക് ഹെല്‍ത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഏകദേശം 28 ദശലക്ഷം അമേരിക്കക്കാര്‍ക്ക് നേരിയ കേള്‍വിക്കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ കേവലം അഞ്ച് ശതമാനം മാത്രമാണ് ഇതിന് ശ്രവണ സഹായി ഉപയോഗിക്കുന്നത്. കേള്‍വിക്കുറവ് കൂടുതലായി അനുഭവപ്പെടുന്ന 12 ദശലക്ഷം പേരില്‍ 37 ശതമാനം പേരാണ് ശ്രവണ സഹായിയുടെ സേവനം തേടുന്നത്. ആപ്പിള്‍ എയര്‍പോഡുകള്‍ ശ്രവണ സഹായികളായി ഉപയോഗപ്പെടുത്തുന്ന രീതിയുണ്ടായാല്‍ കാര്യങ്ങളില്‍ മികച്ച മാറ്റമുണ്ടാകുമെന്ന് ജോണ്‍സ് ഹോപ്കിന്‍സിലെ ഓഡിയോളജിസ്റ്റ് ഡോ. നിക്കോളാസ് റീഡ് പറയുന്നു.
മൈക്രോഫോണുകള്‍, ആംപ്ലിഫയര്‍, സങ്കീര്‍ണമായ പ്രൊസസര്‍ എന്നിവയുള്‍പ്പെടെയുള്ള സെന്‍സറുകള്‍ ഉള്ളതിനാല്‍ എയര്‍പോഡ് പ്രോയില്‍ ഇതിനകം തന്നെ ചെറിയ കേള്‍വിക്കുറവുള്ളവരെ സഹായിക്കാന്‍ ആവശ്യമായ സാങ്കേതികവിദ്യ ഭൂരിഭാഗവും അടങ്ങിയിട്ടുണ്ടെന്നത് വേറെ കാര്യം. അതുകൊണ്ടുതന്നെ ശ്രവണ സഹായി വ്യവസായത്തെ ആപ്പിള്‍ എയര്‍പോഡ് പ്രോ ഇല്ലാതാക്കുമെന്ന ആശങ്കയും ഉയര്‍ന്നു വന്നിട്ടുണ്ട്. കേള്‍വി വൈകല്യമുള്ളവരെ സഹായിക്കുന്നതോടൊപ്പം കേള്‍വിയുള്ളവരുടെ ചെവിക്ക് പുതിയ സാങ്കേതികവിദ്യകള്‍ തകരാര്‍ വരുത്തുമോ എന്ന ഭയവും ചിലര്‍ പ്രകടിപ്പിക്കാതില്ല.

