

കോഴിക്കോട്: വിദേശ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിക്കാന്‍ അനുമതി നല്‍കൂന്ന കരടുനയം പൊതുവിദ്യാഭ്യാസ ഉത്തരവാദിത്വത്തില്‍ നിന്നും പിന്‍മാറാനുള്ള സര്‍ക്കാരിന്റെ നയമായി കാണേണ്ടിവരുമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു. പ്രോഗ്രാമുകള്‍, പഠനക്രമം, കരിക്കുലം, സിലബസ്, പ്രവേശന ചട്ടങ്ങള്‍, ഫീസ് നിര്‍ണയം, അധ്യാപക- അനധ്യാപക നിയമനങ്ങള്‍ തുടങ്ങിയവ വിദേശ സര്‍വകലാശാലക്ക് നേരിട്ട് തീരുമാനിക്കാവുന്ന അനുമതികള്‍ നല്‍കുന്നത് അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ അവകാശങ്ങള്‍ വിദേശ സര്‍വകലാശാലക്ക് തീറെഴുതിക്കൊടുക്കുന്നതിന് തുല്യമാണ്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എന്നതിനെ മറികടന്ന് സാമ്പത്തിക- കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് കുടപിടിക്കുന്നതാകും.

2020ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയപോലെ ജനാധിപത്യപരമായ ചര്‍ച്ചകളില്ലാതെയാണ് ഈ കരടുനിയവും രൂപപ്പെടുത്തുന്നത് എന്നതും ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഇല്ലാതാകുന്ന യു ജി സിയാണ് ഈ മാര്‍ഗരേഖകള്‍ തയ്യാറാക്കിയത് എന്നതും ആശങ്കാജനകമാണ്. വിദേശ സര്‍വകലാശാലകളുടെ ഫ്രാഞ്ചൈസികള്‍ രാജ്യത്ത് വ്യാപകമാകുന്നതിനും പി എച്ച് ഡി ഉള്‍പ്പടെയുള്ള ബിരുദങ്ങള്‍ വില്‍പനക്ക് വെക്കുന്ന രൂപത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗം കൂടുതല്‍ കച്ചവടവത്കരിക്കുന്നതിനുമുള്ള അവസരം ഇതിലൂടെ ഒരുങ്ങുമെന്നതിനാലും രാജ്യത്തിനകത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരുക്കി വിദ്യാഭ്യാസ രംഗത്തെ അസമത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സയ്യിദ് ആശിഖ് പ്രമേയം അവതരിപ്പിച്ചു.

രാജ്യത്തെയും ഭരണകൂടത്തേയും രണ്ടായിത്തന്നെ കാണേണ്ടതുണ്ടെന്ന് പ്രമേയം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നയ നിലപാടുകളെ എതിര്‍ക്കാന്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തേണ്ടതില്ല. ഫാഷിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളര്‍ത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങളോട് ഇസ്ലാമിന് യോജിക്കാനാവില്ല. ഭരണകൂടത്തോട് ശക്തമായ വിമര്‍ശങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തന്നെ രാഷ്ട്രമൂല്യങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാര്‍ഢ്യം രൂപപ്പെടുത്തേണ്ടതുണ്ട്.
സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പുല്‍പ്പാദിപ്പിച്ചു കൊണ്ടല്ലെന്ന് എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. ഭരണകൂടമല്ല രാജ്യം. രാജ്യത്തിനു അനുഗുണമായ നിലപാടുകളെ സര്‍ക്കാരിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണ്.
പൗരാണിക കാലം മുതല്‍ മത നിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്. ആ പാരമ്പര്യം കളങ്കപ്പെട്ടുകൂടാ. മാറിവരുന്ന ഭരണകൂടങ്ങള്‍ക്കൊപ്പം പൗര സമൂഹവും ഇക്കാര്യത്തില്‍ ജാഗരൂകാരാവണം എന്നും പ്രസ്താവന തുടര്‍ന്നു പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ.അബൂബക്കര്‍ പ്രമേയം അവതരിപ്പിച്ചു.

