

ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭാഗങ്ങളിലെ വീടുകളില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ പ്രസന്നകുമാരി ഡെങ്കിയാത്ര ഫളാഗ് ഓഫ് ചെയ്തു.

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ആരോഗ്യജാഗ്രത. ആരോഗ്യജാഗ്രത- പ്രതിദിനം പ്രതിരോധം, നവകേരള സൃഷ്ടിക്ക് എന്ന് ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ ധരിച്ചുകൊണ്ടാണ് ഡെങ്കി യാത്രസംഘം ഭവനസന്ദര്‍ശനം നടത്തിയത്. 11, 12, 14 വാര്‍ഡുകളിലായി 212 ഭവനങ്ങളില്‍ സംഘം സന്ദര്‍ശിച്ചു. വീടിനകത്ത് സൂക്ഷിക്കുന്ന മണി പ്ലാന്റുകള്‍,പ ൂച്ചട്ടികള്‍ക്ക് അടിയില്‍ വയ്ക്കുന്ന ട്രേ, ബയോഗ്യാസ് പ്ലാന്റുകള്‍, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലെ വീപ്പകള്‍ എന്നിവടങ്ങളിലായാണ് ഡെങ്കിപനി പടര്‍ത്തുന്ന കൊതുകിനെ സംഘാംഗങ്ങള്‍ കണ്ടെത്തിയത്.

ഒരു ടീസ്പൂണ്‍ ശുദ്ധമായ ജലത്തില്‍ പോലും ഡെങ്കി കൊതുകുകള്‍ വളരും. പകല്‍ സമയം മാത്രം കടിക്കുന്ന പെണ്‍കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.
ഒരു മണിക്കൂറിന് ഒരായുസ്സിന്റെ വില എന്ന സന്ദേശവുമായി ആഴ്ചയിലൊരിക്കല്‍ എല്ലാ വീടുകളിലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതെ ഡ്രൈ ഡേ ആചരിക്കണമെന്നും വെള്ളിയാഴ്ചകളില്‍ സ്‌ക്കൂളുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈ ഡേ ആചരണം നടത്തണമെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ പ്രസന്നകുമാരി അറിയിച്ചു.
ഡെങ്കിയാത്ര പരിപാടിക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഷൈനി ചാക്കോ, അനിമോള്‍ കുര്യാക്കോസ്, ലിഡിയ സെബാസ്റ്റ്യന്‍, വിജി ഡാലി, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

