

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസും സി ബി ഐക്ക് വിടണമെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ടേക്കും. ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ളയാണ് ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയത്.

കേസന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നുമാണ് ആവശ്യപ്പെടുക. നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ദിലീപിന്റെയും ഒപ്പമുള്ളവരുടേയും ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നതിനെ കുറിച്ചും ഏത് ഫോറന്‍സിക് ലാബിലേക്ക് ഫോണുകള്‍ അയക്കണം എന്ന കാര്യത്തിലും തീര്‍പ്പാകും.

തന്റെ വീട്ടില്‍ നിന്നും കൊണ്ടുപോയ എല്ലാ ഇലക്ട്രോണിക് ഉപകാരണങ്ങളും പൊലീസിന്റെ കൈവശമുണ്ടെന്ന് വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തന്റെ ഫോണുകളില്‍ കൃത്രിമമായി എന്തെങ്കിലും തിരുകിക്കയറ്റാനുള്ള സാധ്യതയുണ്ടെന്നും വാദിച്ചു. അമ്മ ഒഴികെ ഒപ്പമുള്ള എല്ലാവരേയും പ്രതികളാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദിലീപ് പറഞ്ഞു.
ഫോണുകള്‍ക്കായി സര്‍ക്കാര്‍ ഉപഹര്‍ജി ഫയല്‍ ചെയ്ത് തങ്ങള്‍ക്ക് നോട്ടീസ് കിട്ടും മുന്‍പേ ഇതേക്കുറിച്ച് ഒരു മാധ്യമ സ്ഥാപനം ദിലീപിനെ വിളിച്ച് പ്രതികരണം ആരാഞ്ഞതായും ഈ വിവരങ്ങളെല്ലാം എങ്ങനെയാണ് പുറത്തു പോകുന്നതെന്നും അഡ്വ. രാമന്‍പിള്ള ചോദിച്ചു. കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഇപ്പോള്‍ വിട്ടുനല്‍കരുതെന്നും വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ തീരുമാനം വന്ന ശേഷമേ ഫോണുകള്‍ കൊടുക്കാവൂ എന്ന വാദവും ഉന്നയിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ക്കുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും മുന്‍പ് ഫോണിലെ വിവരങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറയുകയും ചെയ്തു.
ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണം ദീലീപ് അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദീലീപിന്റെ നിലപാടെങ്കിലും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ നന്നാക്കിയിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെകുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അങ്കമാലി പൊലീസിന് പരാതി നല്‍കിയതും ഇതിനിടയിലെ പുതിയ സംഭവമാണ്. 2020 ഓഗസ്റ്റ് 30നാണ് കൊടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ അപടകത്തില്‍ മരിച്ചത്.

