
കൊച്ചി: വലിയ സമ്പദ് വ്യവസ്ഥ മാത്രമല്ല കൂടുതല്‍ മികച്ച രീതിയില്‍ ബന്ധിപ്പിക്കപ്പെട്ട സമ്പദ് വ്യവസ്ഥയാണ് നമുക്കാവശ്യമെന്ന് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫിസറും റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫിസ് കൊച്ചിന് ഓഫിസ് ഹെഡ്ഡുമായ ഡിപിന് പി ആര് പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന് ലീഡര്ഇന്സൈറ്റ് സീരിസില്‍ ട്രേഡ്, ടൂറിസം ആന്റ് ടെക്നോളജി- ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്ന 3ടികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരത്തേയും സാങ്കേതികവിദ്യയേയും ടൂറിസത്തേയും പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ നമ്മള് വെറും വിപണികളെ തമ്മില്‍ മാത്രമല്ല ബന്ധിപ്പിക്കുന്നതെന്നും ഇന്ത്യയെ ലോകവുമായും ലോകത്തെ ഇന്ത്യയുമായുമാണ് ചേര്‍ത്തുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരം സാമ്പത്തിക അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. സാങ്കേതികവിദ്യ അത്തരം അവസരങ്ങളെ വലിയ തോതില്‍ വികസിപ്പിക്കാനുള്ള കഴിവാണ് നല്‍കുന്നത്. ടൂറിസം മനുഷ്യ ബന്ധങ്ങളും പരസ്പര സാംസ്ക്കാരിക ധാരണകളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ ശക്തികളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുക എന്നതാണ് മുമ്പിലുള്ള വെല്ലുവിളിയെന്നും ഡിപിന് പി ആര് പറഞ്ഞു.
കെ എം എ പ്രസിഡന്റ് അല്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍ ഡോ. അനില്‍ ജോസഫ് സ്വാഗതവും ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന് നന്ദിയും പറഞ്ഞു.

