ഇറാനെതിരായ യു എസ് ഉപരോധത്തിനിടയിലും നയതന്ത്ര, മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്തുണ തുടരുമെന്ന് ഖത്തര്‍

Web Desk
1 Min Read

ദോഹ: ഇറാന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള നയതന്ത്ര, മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പിന്തുണ തുടരുമെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. ഇറാനെതിരെ യു എസ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയിലും മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഖത്തര്‍ വ്യക്തമാക്കി.

city exchange

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരായ യു എസ് ഉപരോധങ്ങള്‍ ഏകപക്ഷീയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിഗതികള്‍ പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന നിലയിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് അല്‍ അന്‍സാരി പറഞ്ഞു. തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നാം കക്ഷിയുടെ ആക്രമണത്തിന് വിധേയമാകുമ്പോഴെല്ലാം പ്രാദേശിക രാജ്യങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ ഖത്തര്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

സാഹചര്യം കൂടുതല്‍ വഷളാകാനുള്ള വിവിധ സാധ്യതകള്‍ നേരിടുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പൂര്‍ണ ഏകോപനമുണ്ടെന്നും അല്‍ അന്‍സാരി വ്യക്തമാക്കി.

വിവിധ കക്ഷികള്‍ക്കിടയില്‍ ധാരണയിലെത്തുകയാണ് ഖത്തറിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കക്ഷിയെ മറ്റൊരു കക്ഷിക്കെതിരെ പിന്തുണയ്ക്കുന്ന നിലപാട് ഖത്തറിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമം ഉറപ്പുനല്‍കുന്ന കപ്പല്‍ ഗതാഗത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അല്‍ അന്‍സാരി പറഞ്ഞു.

ഏതെങ്കിലും ഭാഗത്തുനിന്നുള്ള ഭീഷണി നേരിടാന്‍ ഖത്തര്‍ സായുധസേനയും രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും പൂര്‍ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയില്‍ ഇസ്രായേലിന്റെ പങ്കാളിത്തം സംബന്ധിച്ച ചോദ്യത്തിന്, മേഖലയിലെ ഭാഗമാകാനാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന്റെ ബാധ്യതകള്‍ നിറവേറ്റണമെന്നും അല്‍ അന്‍സാരി പറഞ്ഞു.

പ്രാദേശിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സംഭാഷണത്തിനും നയതന്ത്ര മാര്‍ഗങ്ങള്‍ക്കും ഖത്തര്‍ തുടര്‍ച്ചയായി ആഹ്വാനം ചെയ്തുവരികയാണ്. പ്രാദേശിക സുരക്ഷ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര ജലപാതകളിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുമുള്ള പ്രാധാന്യവും ഖത്തര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!