
ദോഹ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ സി എഫ് എയര്‍പോര്‍ട്ട് റീജിയന്റെ ആഭിമുഖ്യത്തില്‍ ‘എന്റെ ഇന്ത്യ, എന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ‘ജനസഭ’ പ്രൗഢമായി.

ദോഹ പാരഡൈസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അബ്ദുറഹ്മാന്‍ തലക്കടത്തൂരിന്റെ അധ്യക്ഷതയില്‍ ഐ പി ബി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ കായംകുളം പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പൂര്‍വ്വികരുടെ ത്യാഗങ്ങള്‍ അനുസ്മരിച്ച അദ്ദേഹം പുതുതലമുറ ലഹരിക്കടിമപ്പെട്ടു പോകുന്നതിന്റെ ആശങ്കയും അതിനെതിരെ പോരാടേണ്ട ആവശ്യകതയും സദസ്സിനെ ഉണര്‍ത്തി.

തുടര്‍ന്ന് നടന്ന വിഷയാവതരണ സെഷനില്‍ പ്രമുഖര്‍ വിവിധ മേഖലകളെ ആസ്പദമാക്കി സംസാരിച്ചു. ‘രാഷ്ട്രനിര്‍മാണത്തില്‍ യുവത്വത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ അഫ്‌സല്‍ തളിക്കുളവും ‘ഡിജിറ്റല്‍ ഇന്ത്യ: പുരോഗതിയുടെ പുതിയ പാതകള്‍’ എന്ന വിഷയം ഉബാദത്ത് സഖാഫിയും അവതരിപ്പിച്ചു. ‘ഇന്ത്യയുടെ വ്യവസായ വികസനം: നേട്ടങ്ങളും സാധ്യതകളും’ എന്നതിനെക്കുറിച്ച് സഫീര്‍ പൊടിയാടിയും ‘ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം: ലോകത്തിനുള്ള സന്ദേശം’ എന്നതിനെക്കുറിച്ച് അബ്ദു റഊഫ് ശാമില്‍ ഇര്‍ഫാനിയും വിശകലനം നടത്തി.
സഫീര്‍ സി ഡി സിയുടെ നേതൃത്വത്തില്‍ ദേശഭക്തി ഗാനാലാപനവും പരിപാടിയുടെ ഭാഗമായി നടന്നു. റീജിയനിലെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ഫസലു റഹീം സ്വാഗതവും ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അഹ്മദ് സഖാഫി അനുമോദന പ്രഭാഷണവും ഷറഫുദ്ധീന്‍ കല്‍പകഞ്ചേരി നന്ദിയും പറഞ്ഞു.

