ഖത്തര്‍ അമീറിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ഇന്ത്യ- ഖത്തര്‍ ബന്ധത്തിന് ചരിത്രഘട്ടം

Web Desk
4 Min Read

വിപുല്‍/ ഇന്ത്യന്‍ അംബാസഡര്‍ ഖത്തര്‍

city exchange

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഫെബ്രുവരി 17, 18 തിയ്യതികളില്‍ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുകയാണ്. 2015-ല്‍ നടന്ന ആദ്യ സന്ദര്‍ശനത്തിന് ശേഷം അമീറിന്റെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനം കൂടിയാണിത്. ആദ്യ സന്ദര്‍ശനത്തിന് ശേഷം പ്രാദേശിക തലത്തിലും ആഗോള തലത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുകയാണ്. ഇന്ന് ലോകം കൃത്രിമ ബുദ്ധിയുടെയും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്ന മറ്റു സാങ്കേതികവിദ്യകളുടെയും പ്രഭാവത്തില്‍ വലിയ സാങ്കേതിക വിപ്ലവത്തിന്റെ അരികിലേക്കാണ് നീങ്ങുന്നത്. അതേസമയം, പല പ്രദേശങ്ങളിലും സംഘര്‍ഷങ്ങള്‍ ഗുരുതരമായിട്ടുമുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ത്യയും ഖത്തറും തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയിലും ചരിത്രപരമായ, ബഹുമുഖമായ ബന്ധങ്ങളുടെ ആഴത്തില്‍ ദൃഢമായ നിലപാട് സ്വീകരിച്ചിരിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര- നിക്ഷേപ ബന്ധം ദീര്‍ഘകാല ദൃഢമായതും ഊര്‍ജോത്പാദന പങ്കാളിത്തം മികച്ചതുമാണ്. നിരവധി അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്കും മാനവീയ പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാക്കുന്നതില്‍ ഖത്തര്‍ സുപ്രധാനമായ രാഷ്ട്രീയ ശബ്ദമായി മാറിയിരിക്കുന്നു. 2022-ല്‍ ഫിഫ ലോകകപ്പ് നടത്തി വിജയകരമായ ആതിഥേയത്വം വഹിച്ചത് ഇന്ത്യന്‍ സമൂഹത്തിനും വലിയ ആഹ്ലാദം നല്‍കിയിരുന്നു. കോവിഡിന്റെ കടുത്ത കാലഘട്ടത്തില്‍ ഇരുരാജ്യങ്ങളും പരസ്പരം പിന്തുണച്ചതും ഒരുപോലെ ശ്രദ്ധേയമാണ്.

ഇപ്പോള്‍ ഈ സൗഹൃദബന്ധത്തെ മറ്റൊരു ഉയര്‍ന്ന നിലയിലേക്ക് കൊണ്ടുപോകാനുള്ള സുവര്‍ണാവസരമാണ്. അമീറിന്റെ സന്ദര്‍ശനം ഈ ദിശയില്‍ ഒരു ചരിത്രം അടയാളപ്പെടുത്തും.

- Advertisement -
Ad image

കഴിഞ്ഞ ഒരു ദശാബ്ദമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടേയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും കരുത്തുറ്റ നേതൃത്വത്തില്‍ ഇന്ത്യ- ഖത്തര്‍ രാഷ്ട്രീയ ബന്ധം സ്ഥിരത പുലര്‍ത്തുന്നതാണ്. 2016-ലും 2024-ലും പ്രധാനമന്ത്രി മോഡി ഖത്തറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്താരാഷ്ട്ര ഉച്ചകോടികളിലും കോവിഡ് കാലത്ത് ഉള്‍പ്പെടെയും ഫോണില്‍ ബന്ധങ്ങള്‍ കാത്തുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനിയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഉന്നതതല ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രധാന അന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കൂടിക്കാഴ്ച നടത്തിയിരുന്നു.

വ്യാപാരം എപ്പോഴും ഇന്ത്യ- ഖത്തര്‍ ബന്ധത്തിന്റെ പ്രധാന പാലമായിട്ടുണ്ട്. പഴയകാലത്ത് മസാലകളും മുത്തുകളും ആയിരുന്നു പ്രധാന കച്ചവട വസ്തുക്കള്‍. ഇന്നത് ഊര്‍ജ്ജ കയറ്റുമതികളടക്കമുള്ള പുതിയ മേഖലകളിലേക്കു വ്യാപിച്ചു. ഇന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ രണ്ടു മില്ല്യണ്‍ ഡോളര്‍ മുതല്‍ 15 മില്ല്യണ്‍ ഡോളര്‍ വരെയുള്ള വാര്‍ഷിക വ്യാപാരം നിലനിര്‍ത്തുന്നു. ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നങ്ങളില്‍ അരി, മസാലകള്‍, ചായ, മാംസം, എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വളരെയധികം സാധ്യതകളുണ്ട്. ജോയിന്റ് ബിസിനസ് കൗണ്‍സിലിന്റെ ആദ്യയോഗം ഇതിനു വേദിയൊരുക്കും. സേവന മേഖലയിലും ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാര ബന്ധം വളരാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ നിക്ഷേപത്തിന് വാതിലുകള്‍ തുറക്കുകയും നിയമങ്ങള്‍ ലളിതമാക്കുകയും ചെയ്തു. ഇതിലൂടെ രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 1 ട്രില്യണ്‍ ഡോളറിലെത്തി. ഖത്തര്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപം 1.5 ബില്ല്യണ്‍ ഡോളര്‍ പിന്നിട്ടു. ഇത് റീട്ടെയില്‍, വൈദ്യുതി, വിദ്യാഭ്യാസം, ഐ ടി, ആരോഗ്യം, കുറഞ്ഞ വരുമാനക്കാരുടെ ഹൗസിംഗ് എന്നീ മേഖലകളിലാണ് വ്യാപിച്ചിരിക്കുന്നത്. ഇന്ത്യ 6- 7 ശതമാനം സാമ്പത്തിക വളര്‍ച്ച നിരക്കില്‍ മുന്നേറുന്നതിനാല്‍ ലാഭകരമായ നിക്ഷേപ സാധ്യതകള്‍ ഏറെയുണ്ട്. ഇതില്‍ അടിസ്ഥാന സൗകര്യങ്ങള്‍, ഗ്യാസിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്‌സ്, ഊര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍, സെമികണ്ടക്ടര്‍ നിര്‍മ്മാണം, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ സാധ്യത ഏറെയാണ്. ഖത്തറിലെ ഇന്ത്യന്‍ സംരംഭകര്‍ 20,000-ത്തിലധികം ചെറിയ, ഇടത്തരം സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.

ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ചയില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവാനിടയുള്ളതിനാല്‍ സാമ്പത്തിക സഹകരണം കൂടുതല്‍ വിപുലീകരിക്കാന്‍ കഴിയും. സാങ്കേതിക വിദ്യ, നവോഥാനം, സുസ്ഥിരത എന്നിവയെ കുറിച്ചുള്ള നയങ്ങള്‍ ഇരുരാജ്യങ്ങളും പ്രാധാന്യം നല്‍കുന്നതിനാല്‍ വന്‍ സാധ്യതകളുണ്ട്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതിയിലൊന്നാണ്. ഇത് ആരോഗ്യ, ബയോ സയന്‍സസ്, സാമ്പത്തിക മേഖല, വ്യോമയാന ശാസ്ത്രം, കൃഷി, ലോജിസ്റ്റിക്‌സ്, ഗതാഗതം, വിനോദം, വിദ്യാഭ്യാസം തുടങ്ങിയ പല മേഖലകളിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഖത്തറിലെ വെബ് സമ്മിറ്റുകളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്ത് അവസരങ്ങള്‍ പര്യവേഷണം ചെയ്യുന്നു. ഈ സന്ദര്‍ശനത്തിനിടെയുള്ള സംഭാഷണങ്ങള്‍ ഈ മേഖലകളില്‍ കൂടുതല്‍ സഹകരണം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഊര്‍ജ്ജ സഹകരണം 2024 ഫെബ്രുവരിയില്‍ പുതുക്കിയതോടെ 2028 മുതല്‍ 20 വര്‍ഷത്തേക്ക് ഖത്തറില്‍ നിന്ന് ഇന്ത്യയ്ക്ക് 7.5 മില്ല്യണ്‍ ടണ്‍ എല്‍ എന്‍ ജി നല്‍കുമെന്ന 78 ബില്ല്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പുവയ്ക്കപ്പെട്ടു. ഇരുരാജ്യങ്ങളും ഊര്‍ജ്ജ മേഖലയിലും കൂടുതല്‍ സഹകരിക്കാനുള്ള സാധ്യതകള്‍ ഉണ്ട്.

ജനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ബന്ധം ഇന്ത്യ- ഖത്തര്‍ ബന്ധത്തിന്റെ അടിസ്ഥാന ഘടകമാണ്. ഖത്തറിലെ വലിയ ഇന്ത്യന്‍ സമൂഹം ഖത്തര്‍ ഭരണകൂടത്തിന്റെ വലിയ പിന്തുണയോടെയാണ് നിലനില്‍ക്കുന്നത്. വിനോദ സഞ്ചാരവും യാത്രയും ഉറ്റുനോക്കേണ്ട മേഖലകളാണ്.

അമീറിന്റെ സന്ദര്‍ശനം പ്രാദേശിക, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരമാകും. ഖത്തര്‍ ഗാസയിലെ യുദ്ധത്തില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനം നടത്തിയത് അഭിനന്ദനാര്‍ഹമാണ്.

അമീറിന്റെ ഈ സന്ദര്‍ശനം ഇന്ത്യ- ഖത്തര്‍ ബന്ധം പുതിയ ഉയരത്തിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്. 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തോടെ ഇന്ത്യ മുന്നേറുമ്പോള്‍ ഖത്തര്‍ അതിന്റെ പ്രധാന പങ്കാളികളിലൊന്നായിരിക്കും.

Share This Article
Leave a Comment
error: Content is protected !!