

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ക്യു എന്‍ സി സിയിലെ അല്‍ മയാസ ഹാളില്‍ മെഗാ ഇവന്റ് ഭാരത് ഉത്സവ് സംഘടിപ്പിച്ചു. നിരവധി ഖത്തറി പ്രമുഖരും അംബാസഡര്‍മാരും 18 രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി ഡിപ്ലോമാറ്റിക് കോര്‍പ്സും പരിപാടിക്ക് സാക്ഷ്യം വഹിച്ചു.

ഉദ്യോഗസ്ഥര്‍, അപെക്സ് ബോഡി പ്രസിഡന്റുമാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍, വിവിധ ഭാഷകളെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയിലുണ്ടായിരുന്നു.


ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ഇത്തരമൊരു പരിപാടി കാഴ്ച്ചവെക്കാനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും വിനോദസഞ്ചാരവും ആഘോഷിക്കാനും ഐ സി സിയുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റികളുടെയും കഠിനാധ്വാനത്തെയും സമര്‍പ്പണത്തെയും അഭിനന്ദിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള അഞ്ച് ദശാബ്ദക്കാലത്തെ നയതന്ത്രബന്ധം എപ്പോഴും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സൗഹൃദമായിരുന്നു.

ഐ സി സിയുടെ സുവനീര്‍ വിപുല്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു എന്നിവര്‍ പ്രസംഗിച്ചു.

സംഘടനകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, മറ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുത്ത 42-ലധികം പ്രകടനേളാണ് പ്രദര്‍ശനത്തിലുണ്ടായത്.

സംഘാടക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഐ സി സി കള്‍ച്ചറല്‍ സെക്രട്ടറി നന്ദിനി അബ്ബഗൗനി, ശാന്തനു ദേശ്പാണ്ഡെ എന്നിവര്‍ നേതൃത്വം നല്‍കി.

