
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഖത്തര്‍ ഫിഫ 2022 ലോകകപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 14ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഡി പി എസ് മൊണാര്‍ക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്റര്‍സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്വിസ്, ഇന്റര്‍സ്‌കൂള്‍ ഫുട്ബാള്‍ സെവന്‍സ് ടൂര്‍ണമെന്റ്, കലാപരിപാടികള്‍ എന്നിവ മെഗാ ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി അന്‍പതിലേറെ ടീമുകള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കും.


ഒക്ടോബര്‍ 14ന് വൈകിട്ട് ആറ് മണിക്ക് ഖത്തറിലെ പ്രമുഖ ക്വിസ് മാസ്റ്റര്‍ മന്‍സൂര്‍ മൊയ്തീന്‍ ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 3022 റിയാലും രണ്ടാം സമ്മാനമാിയ 2022 ഖത്തര്‍ റിയാലും മൂന്നാം സമ്മാനമായി 1022 റിയാലും ട്രോഫിയും സര്‍ട്ടിഫിക്കറ്റുമാണ് ലഭിക്കുക. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വഴി ഇതിനായി തയ്യാറാക്കിയ ഗൂഗ്ള്‍ ഫോം ഉപയോഗിച്ച് ഒക്ടോബര്‍ 10ന് മുമ്പായി റജിസ്റ്റര്‍ ചെയ്യണം. ഗൂഗ്ള്‍ ഫോമുകള്‍ www.facebook.com/domqatar എന്ന ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. രണ്ട് അംഗങ്ങളുള്ള പരമാവധി അഞ്ച് ടീമുകള്‍ക്കാണ് ഓരോ സ്‌കൂളില്‍ നിന്നും പങ്കെടുക്കാന്‍ സാധിക്കുക.
ഇന്റര്‍സ്‌കൂള്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സെമിഫൈനല്‍, പൈനല്‍ മത്സരങ്ങള്‍ വൈകിട്ട് മൂന്നരയ്ക്ക് ഡി പി എസ് മോണാര്‍ക്ക് ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഫൈനല്‍ മത്സരത്തില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബിര്‍ള പബ്ലിക്ക് സ്‌കൂളിനെ നേരിടും. ലൂസേഴ്‌സ് ഫൈനലില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിനെ നേരിടും.
കലാപരിപാടികളില്‍ ഖത്തറിലെ പ്രമുഖ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി, ഒപ്പന, നാടന്‍പാട്ട്, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, കഥക് ഫ്യൂഷന്‍ ഡാന്‍സ്, മൈം തുടങ്ങി നിരവധി കലാപരിപാടികള്‍ അരങ്ങേറും. സമാപന സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നല്‍കുന്ന ലോകകപ്പ് ലോഗോ ആലേഖനം ചെയ്ത ഫുട്ബാള്‍ സമ്മാനിക്കും. സഫാരി ഗ്രൂപ്പാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മോഹന്‍ തോമസ്, വി സി മശ്ഹൂദ്, അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍, കേശവദാസ്, ഉസ്മാന്‍ കല്ലന്‍, സിദ്ദീഖ് വാഴക്കാട്, ശ്രീജിത്ത് സി പി, സൗമ്യ, സഫാരി പ്രതിനിധി തമീം എന്നിവര്‍ പങ്കെടുത്തു.

